സദൃശവാക്യങ്ങൾ 6:1-19
സദൃശവാക്യങ്ങൾ 6:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു. ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക; കൂട്ടുകാരന്റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക. നിന്റെ കണ്ണിന് ഉറക്കവും നിന്റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക, മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക. അതിനു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനൽക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ തീൻ ശേഖരിക്കുന്നു. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും? കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും. നിസ്സാരനും ദുഷ്കർമിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: ഗർവമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.
സദൃശവാക്യങ്ങൾ 6:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ നിന്റെ വാക്കുകളാൽത്തന്നെ കെണിയിൽപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നീ ഇപ്രകാരം പ്രവർത്തിച്ച് രക്ഷപെടുക. നീ അയൽക്കാരന്റെ പിടിയിൽ പെട്ടിരിക്കുന്നുവല്ലോ; നീ വേഗം പോയി അയൽക്കാരനോടു നിർബന്ധപൂർവം അപേക്ഷിക്കുക. അതുവരെ നിന്റെ കണ്ണിനു നിദ്രയും നിന്റെ കൺപോളകൾക്ക് മയക്കവും അനുവദിക്കരുത്. നായാട്ടുകാരന്റെ കെണിയിൽനിന്ന് കലമാനെപ്പോലെയോ വേട്ടക്കാരന്റെ കുടുക്കിൽനിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക. മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക. നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും അതു വേനൽക്കാലത്ത് ആഹാരം തേടുന്നു; കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു. മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും? മയക്കത്തിൽനിന്ന് നീ എപ്പോഴാണ് എഴുന്നേല്‌ക്കുക? അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം. അപ്പോൾ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും; ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും. വിലകെട്ടവനും ദുഷ്കർമിയുമായവൻ വക്രത സംസാരിച്ചുകൊണ്ടു നടക്കും. അവൻ കണ്ണുകൊണ്ടു സൂചന നല്‌കും, പാദംകൊണ്ടു നിലത്തു തോണ്ടും; വിരൽകൊണ്ട് ആംഗ്യം കാട്ടും. നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു. ഉടനേ അവന് ആപത്തുണ്ടാകും. വീണ്ടെടുക്കാൻ കഴിയാത്തവിധം നിമിഷങ്ങൾക്കകം അവൻ തകർന്നുപോകും. ആറു കാര്യങ്ങൾ സർവേശ്വരൻ വെറുക്കുന്നു. ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു. ഗർവുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും നിർദോഷിയെ വധിക്കുന്ന കരവും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും സഹോദരന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.
സദൃശവാക്യങ്ങൾ 6:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി. ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. അതിന് നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്‍റെ ഭക്ഷണം ശേഖരിക്കുന്നു. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.
സദൃശവാക്യങ്ങൾ 6:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു. ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക. നിന്റെ കണ്ണിന്നു ഉറക്കവും നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു. മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക, മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും വേനല്ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും. നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. അവൻ കണ്ണിമെക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ടു ആംഗ്യം കാണിക്കുന്നു. അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു. അതുകൊണ്ടു അവന്റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തിയുണ്ടാകയുമില്ല. ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ.
സദൃശവാക്യങ്ങൾ 6:1-19 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ കുഞ്ഞേ, നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു. എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക, നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ: നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക, (ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്! നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്. കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക. ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക; അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക! അവയ്ക്ക് അധിപതികളോ മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല, എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു. കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും? എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്? ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം; ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം, അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും. വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു, അവർ കണ്ണിറുക്കിക്കാട്ടുന്നു, കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു, അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു— അവർ സദാ കലഹം ഇളക്കിവിടുന്നു. അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു; പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു. യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്, ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു: അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ, ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ, നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.