സദൃശവാക്യങ്ങൾ 18:7-16

സദൃശവാക്യങ്ങൾ 18:7-16 MALOVBSI

മൂഢന്റെ വായ് അവനു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണനു കെണി. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ. കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം? ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. മനുഷ്യൻ വയ്ക്കുന്ന കാഴ്ചയാൽ അവനു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.