സദൃശവാക്യങ്ങൾ 18:7-16

സദൃശവാക്യങ്ങൾ 18:7-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മൂഢന്റെ വായ് അവനു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണനു കെണി. ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ. കേൾക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം? ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. മനുഷ്യൻ വയ്ക്കുന്ന കാഴ്ചയാൽ അവനു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.

സദൃശവാക്യങ്ങൾ 18:7-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മൂഢന്റെ വാക്കുകൾ അവനെ നശിപ്പിക്കുന്നു; അവന്റെതന്നെ വാക്കുകൾ അവനു കെണിയായിത്തീരുന്നു. ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. മടിയൻ മുടിയന്റെ സഹോദരൻ. സർവേശ്വരൻ ഉറപ്പുള്ള ഗോപുരം; നീതിമാൻ ഓടിച്ചെന്ന് അതിൽ അഭയം പ്രാപിക്കുന്നു. ധനമാണു സമ്പന്നന്റെ ബലിഷ്ഠമായ നഗരം; ഉയർന്ന കോട്ടപോലെ അത് അയാളെ സംരക്ഷിക്കുന്നു. ഗർവം വിനാശത്തിന്റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്റെയും. കേൾക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാൽ അതു ഭോഷത്തവും ലജ്ജാകരവുമാണ്. ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു; തകർന്ന മനസ്സിനെ ആർക്കു താങ്ങാൻ കഴിയും? ബുദ്ധിമാൻ അറിവു നേടുന്നു; വിവേകി ജ്ഞാനത്തിനു ചെവി കൊടുക്കുന്നു. സമ്മാനം കൊടുക്കുന്നവന് ഉന്നതരുടെ മുമ്പിൽ പ്രവേശനവും സ്ഥാനവും ലഭിക്കുന്നു.

സദൃശവാക്യങ്ങൾ 18:7-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മൂഢന്‍റെ വായ് അവന് നാശം; അവന്‍റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്‍റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിന് മുമ്പ് മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ. കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. പുരുഷന്‍റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.

സദൃശവാക്യങ്ങൾ 18:7-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന്നു കണി. ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു. വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു. ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയർന്ന മതിൽ ആയിത്തോന്നുന്നു. നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ. കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു. പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം? ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. മനുഷ്യൻ വെക്കുന്ന കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും.

സദൃശവാക്യങ്ങൾ 18:7-16 സമകാലിക മലയാളവിവർത്തനം (MCV)

ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു. യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്; നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു. ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്; അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു. അഹന്ത നാശത്തിന്റെ മുന്നോടിയാണ്, എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു. കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു. ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു, എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും? വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു, ജ്ഞാനിയുടെ കാതുകൾ അതു കണ്ടെത്തുന്നു. ദാനം ദാതാവിനു വഴിതുറക്കുകയും അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.