ഫിലേമൊന് 1:8-19

ഫിലേമൊന് 1:8-19 MALOVBSI

ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻതന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽതന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാൻ എനിക്കു മനസ്സില്ലായിരുന്നു. അവൻ അല്പകാലം വേർവിട്ടുപോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും; അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻതന്നെ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക. പൗലൊസ് എന്ന ഞാൻ സ്വന്തകൈയാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നെ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.