മർക്കൊസ് 1:35-45

മർക്കൊസ് 1:35-45 MALOVBSI

അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്ന്, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവനു ശുദ്ധി വന്നു. യേശു അവനെ അമർച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതനു നിന്നെത്തന്നെ കാണിച്ച്, നിന്റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവർക്കു സാക്ഷ്യത്തിനായി അർപ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിനു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.