മർക്കൊസ് 1:35-45

മർക്കൊസ് 1:35-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്ന്, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവനു ശുദ്ധി വന്നു. യേശു അവനെ അമർച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതനു നിന്നെത്തന്നെ കാണിച്ച്, നിന്റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവർക്കു സാക്ഷ്യത്തിനായി അർപ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിനു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.

മർക്കൊസ് 1:35-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു. ശിമോനും കൂടെയുണ്ടായിരുന്നവരും യേശുവിനെ അന്വേഷിച്ചു പുറപ്പെട്ടു. അവിടുത്തെ കണ്ടെത്തിയപ്പോൾ “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ പറഞ്ഞു. യേശു അവരോട്, “ചുറ്റുപാടുമുള്ള മറ്റു ഗ്രാമങ്ങളിലേക്കും നമുക്കു പോകണം. എനിക്ക് ആ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു. അവരുടെ സുനഗോഗുകളിൽ പ്രസംഗിക്കുകയും ഭൂതങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ ഉടനീളം അവിടുന്നു സഞ്ചരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽ വന്നു മുട്ടുകുത്തി കേണപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കിൽ രോഗം നീക്കി എന്നെ ശുദ്ധീകരിക്കുവാൻ കഴിയും.” യേശു മനസ്സലിഞ്ഞ് കൈനീട്ടി അയാളെ തൊട്ടു; “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക” എന്നു പറഞ്ഞു. തൽക്ഷണം കുഷ്ഠരോഗം വിട്ടുമാറി അയാൾ ശുദ്ധനായിത്തീർന്നു. “നോക്കൂ, ഇക്കാര്യം ആരോടും പറയരുത്; എന്നാൽ നീ നേരെ പുരോഹിതന്റെ അടുക്കൽ ചെന്നു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക; രോഗവിമുക്തനായി എന്നുള്ളതിന്റെ സാക്ഷ്യത്തിനായി മോശ കല്പിച്ചിട്ടുള്ള വഴിപാട് അർപ്പിക്കുകയും ചെയ്യുക” എന്നു യേശു കർശനമായി ആജ്ഞാപിച്ചശേഷം അയാളെ പറഞ്ഞയച്ചു. എന്നാൽ ആ മനുഷ്യൻ അവിടെനിന്നു പോയ ഉടനെ, ഈ വാർത്ത എല്ലായിടത്തും പറഞ്ഞു പരത്തുവാൻ തുടങ്ങി. പരസ്യമായി പട്ടണത്തിൽ പ്രവേശിക്കുവാൻ യേശുവിനു നിവൃത്തിയില്ലാതെയായി; അതുകൊണ്ട് അവിടുന്നു വിജനസ്ഥലങ്ങളിൽ കഴിഞ്ഞുകൂടി. എങ്കിലും എല്ലാ ദിക്കുകളിൽനിന്നും ആളുകൾ അവിടുത്തെ അടുക്കൽ വന്നുകൊണ്ടിരുന്നു.

മർക്കൊസ് 1:35-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു. ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്നു, അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു. അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു: “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവനു ശുദ്ധിവന്നു. യേശു അവനെ കർശനമായി താക്കീത് ചെയ്തു: “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോടു ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്‍റെ അടുക്കൽ വന്നുകൂടി.

മർക്കൊസ് 1:35-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. യേശു അവനെ അമർച്ചയായി ശാസിച്ചു: നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.

മർക്കൊസ് 1:35-45 സമകാലിക മലയാളവിവർത്തനം (MCV)

അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു. കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു. യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു. യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു. എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.