ലൂക്കൊസ് 7:1-10

ലൂക്കൊസ് 7:1-10 MALOVBSI

ജനം കേൾക്കെ തന്റെ വചനമൊക്കെയും പറഞ്ഞുതീർന്നശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ ദീനംപിടിച്ചു മരിപ്പാറായിരുന്നു. അവൻ യേശുവിന്റെ വസ്തുത കേട്ടിട്ട്, അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവനോട് താൽപര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്ക് ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. യേശു അവരോടുകൂടെ പോയി, വീട്ടിനോട് അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. അതുകൊണ്ട് നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ഞാനും അധികാരത്തിന് കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഒരുവനോട്: പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട്: വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട് അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽക്കൂടി ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു; ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.