ലൂക്കൊസ് 7:1-10
ലൂക്കൊസ് 7:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനം കേൾക്കെ തന്റെ വചനമൊക്കെയും പറഞ്ഞുതീർന്നശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ ദീനംപിടിച്ചു മരിപ്പാറായിരുന്നു. അവൻ യേശുവിന്റെ വസ്തുത കേട്ടിട്ട്, അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽ വന്ന്, അവനോട് താൽപര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്ക് ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. യേശു അവരോടുകൂടെ പോയി, വീട്ടിനോട് അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. അതുകൊണ്ട് നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും. ഞാനും അധികാരത്തിന് കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ട്; ഒരുവനോട്: പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട്: വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു. യേശു അത് കേട്ടിട്ട് അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽക്കൂടി ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു; ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
ലൂക്കൊസ് 7:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ തന്റെ പ്രഭാഷണം പൂർത്തിയാക്കിയശേഷം യേശു കഫർന്നഹൂമിലെത്തി. അവിടെ റോമാസൈന്യത്തിലെ ഒരു ശതാധിപനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രിയങ്കരനായ ഒരു ഭൃത്യൻ രോഗം പിടിപെട്ട് ആസന്നമരണനായി കിടന്നിരുന്നു. ശതാധിപൻ യേശുവിനെക്കുറിച്ചു കേട്ടു; അവിടുന്ന് വന്നു തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതിനായി സുനഗോഗിലെ ഏതാനും പ്രമുഖന്മാരെ യേശുവിന്റെ അടുക്കലയച്ചു. അവർ അവിടുത്തെ സമീപിച്ചു നിർബന്ധപൂർവം അപേക്ഷിച്ചു: “ഈ ശതാധിപൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്ക് ഒരു സുനഗോഗും നിർമിച്ചു തന്നു; അതുകൊണ്ട് ഇതു ചെയ്തു കൊടുക്കുന്നതിന് അദ്ദേഹം യോഗ്യനാണ്.” യേശു അവരോടുകൂടി പോയി. ശതാധിപന്റെ വീടിനോടു സമീപിക്കാറായപ്പോൾ അദ്ദേഹം തന്റെ സ്നേഹിതന്മാരെ അയച്ച് യേശുവിനെ ഇപ്രകാരം അറിയിച്ചു: “പ്രഭോ, അങ്ങു ബുദ്ധിമുട്ടേണ്ടതില്ല. അങ്ങ് എന്റെ ഭവനത്തിൽ വരുവാനുള്ള യോഗ്യത എനിക്കില്ല. അങ്ങയുടെ അടുക്കൽ നേരിട്ടു വരുവാനും എനിക്കു യോഗ്യതയില്ല; അവിടുന്ന് ഒരു വാക്കു കല്പിച്ചാൽ മതി, എന്റെ ഭൃത്യൻ സുഖം പ്രാപിക്കും. ഞാനും അധികാരത്തിൻകീഴിൽ ഉള്ളവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്; ഒരുവനോടു ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോടു ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു.” ഇതു കേട്ടപ്പോൾ യേശു വിസ്മയഭരിതനായി. അവിടുന്നു തിരിഞ്ഞ് തന്നെ അനുഗമിച്ച ജനത്തോടു പറഞ്ഞു: “ഇസ്രായേലിൽപോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല!” യേശുവിന്റെ അടുക്കൽ അയച്ച ആളുകൾ തിരിച്ചു ചെന്നപ്പോൾ ശതാധിപന്റെ ഭൃത്യൻ പൂർണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടു.
ലൂക്കൊസ് 7:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തന്‍റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്നു. അവിടെയുള്ള ശതാധിപൻ്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു. ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ടു, യേശു വന്നു തന്റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു: ”നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു” എന്നു പറഞ്ഞു. യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: ”കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്‍റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല; നിന്‍റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്‍റെ ദാസന് സൗഖ്യം വരും. ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്‍റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു” എന്നു പറയിച്ചു. യേശു അത് കേട്ടിട്ടു ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
ലൂക്കൊസ് 7:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു. അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ; അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീർപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ. അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യംവരും. ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു. യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു:യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു; ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
ലൂക്കൊസ് 7:1-10 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി. അവിടെ ഒരു ശതാധിപനു വളരെ വിലപ്പെട്ട ഒരു സേവകൻ രോഗംബാധിച്ച് മരണാസന്നനായിരുന്നു. യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദാമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു. അവർ യേശുവിന്റെ അടുക്കൽവന്ന് ശതാധിപനുവേണ്ടി ശുപാർശചെയ്തുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് ഇതു ചെയ്തുകൊടുക്കാൻ ആ മനുഷ്യൻ യോഗ്യൻ; കാരണം, അയാൾ നമ്മുടെ സമുദായത്തോട് സ്നേഹമുള്ളവനാണ്; നമുക്കുവേണ്ടി ഒരു പള്ളി പണിയിച്ചുതരികയും ചെയ്തിരിക്കുന്നു.” അപ്പോൾ യേശു അവരോടുകൂടെ പോയി. അദ്ദേഹം ഭവനത്തോട് അടുക്കാറായപ്പോൾ ശതാധിപൻ തന്റെ സ്നേഹിതന്മാരിൽ ചിലരെ യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ അറിയിച്ചു: “കർത്താവേ, ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അതുകൊണ്ടാണ് ഞാൻ നേരിട്ട് അങ്ങയുടെ അടുക്കൽ വരാതിരുന്നതും. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു, മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു.” ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, ചുറ്റും നോക്കി തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല” എന്നു പറഞ്ഞു. ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു.