ലേവ്യാപുസ്തകം 23:1-8
ലേവ്യാപുസ്തകം 23:1-8 MALOVBSI
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത്: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു. അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്.

