ലേവ്യാപുസ്തകം 23:1-8

ലേവ്യാപുസ്തകം 23:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത്: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു. അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്.

ലേവ്യാപുസ്തകം 23:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേൽജനത്തോടു പറയുക, വിശുദ്ധ യോഗങ്ങൾ വിളിച്ചുകൂട്ടേണ്ട സർവേശ്വരന്റെ ഉത്സവദിനങ്ങൾ ഇവയാണ്. അവയെ വിശുദ്ധ യോഗങ്ങളായി പ്രഖ്യാപിക്കണം. ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള പരിപാവനമായ ശബത്താകുന്നു. അന്ന് ഒരു ജോലിയും ചെയ്യരുത്. നിങ്ങൾ വസിക്കുന്നിടത്തെല്ലാം അതു സർവേശ്വരന്റെ ശബത്താകുന്നു. നിശ്ചിതകാലത്ത് വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടേണ്ട ഉത്സവദിനങ്ങൾ ഇവയാണ്. ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സർവേശ്വരന്റെ പെസഹ ആചരിക്കണം. പതിനഞ്ചാം ദിവസം സർവേശ്വരനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ്. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു ദിനംതോറുമുള്ള തൊഴിലുകളൊന്നും ചെയ്യരുത്. ഏഴു ദിവസവും സർവേശ്വരന് ഹോമയാഗം അർപ്പിക്കണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള ദിവസമായതുകൊണ്ടു കഠിനാധ്വാനം ചെയ്യരുത്.

ലേവ്യാപുസ്തകം 23:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ യിസ്രായേൽ മക്കളോടു പറയേണ്ടത്: ‘എന്‍റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ട യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു: ആറു ദിവസം ജോലി ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്നു ഒരു ജോലിയും ചെയ്യരുത്; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു. “അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാകുന്നു: ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കേണം. ഒന്നാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗം ഉണ്ടാകേണം; പതിവുള്ളജോലി യാതൊന്നും ചെയ്യരുത്. നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു പതിവുള്ളജോലി യാതൊന്നും ചെയ്യരുത്.”

ലേവ്യാപുസ്തകം 23:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു. അതതുകാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു: ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു. നിങ്ങൾ ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.

ലേവ്യാപുസ്തകം 23:1-8 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്: “ ‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്. “ ‘നിശ്ചയിക്കപ്പെട്ട സമയത്ത് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാണ്: യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും. ആ മാസം പതിനഞ്ചാംതീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കും, നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.’ ”