യോശുവ 8:9-17

യോശുവ 8:9-17 MALOVBSI

അങ്ങനെ യോശുവ അവരെ അയച്ച് അവർ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമർന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു. യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവർക്കും ഹായിക്കും മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അവൻ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി. അവർ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്‌വരയുടെ നടുവിലേക്കു പോയി. ഹായിരാജാവ് അതു കണ്ടപ്പോൾ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്റെ പിൻവശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവൻ അറിഞ്ഞില്ല. യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി. അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവർ യോശുവയെ പിന്തുടർന്ന് പട്ടണം വിട്ടു പുറത്തായി. ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവർ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടർന്നു.