യോശുവ 10:22-27

യോശുവ 10:22-27 MALOVBSI

പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്ന് രാജാക്കന്മാർ ഐവരെയും ഗുഹയിൽനിന്ന് എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്റെ അടുക്കൽ കൊണ്ടുവന്നു. രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ച് തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോട്: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വയ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽ വച്ചു. യോശുവ അവരോട്: ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധം ചെയ്യുന്ന സകല ശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സൂര്യൻ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്ന് ഇറക്കി അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.