ഇയ്യോബ് 40:1-14

ഇയ്യോബ് 40:1-14 MALOVBSI

യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ആക്ഷേപകൻ സർവശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ. അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാൻ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു. ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല. അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക. നീ എന്റെ ന്യായത്തെ ദുർബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക. നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവിയെയും നോക്കി താഴ്ത്തുക; ഏത് ഗർവിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക. അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക. അപ്പോൾ നിന്റെ വലംകൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.