യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവനു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടെയിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും യിരെമ്യാവ് സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ട് പ്രഭുക്കന്മാർ രാജാവിനോട്: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവജനത്തിനും ഇങ്ങനെയുള്ള വാക്ക് പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നത് എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: ഇതാ, അവൻ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്‍വാൻ രാജാവിനു കഴിവില്ലല്ലോ എന്നു പറഞ്ഞു. അവർ യിരെമ്യാവെ പിടിച്ച് കാവല്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിനുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു. അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവ് ബെന്യാമീൻ വാതിൽക്കൽ ഇരിക്കയായിരുന്നു. ഏബെദ്-മേലെക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോടു സംസാരിച്ചു: യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു ചാകേയുള്ളൂ എന്നു പറഞ്ഞു. രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പേ അവനെ കുഴിയിൽനിന്ന് കയറ്റിക്കൊൾക എന്നു കല്പിച്ചു. അങ്ങനെ ഏബെദ്-മേലെക് ആയാളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്ക് കീഴെ ചെന്ന് അവിടെനിന്ന് പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന് കയറുവഴി ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്-മേലെക് യിരെമ്യാവോട്: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമേ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു. അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചു കയറ്റി; യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു.
യിരെമ്യാവ് 38 വായിക്കുക
കേൾക്കുക യിരെമ്യാവ് 38
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യിരെമ്യാവ് 38:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ