യിരെമ്യാവ് 25:1-14

യിരെമ്യാവ് 25:1-14 MALOVBSI

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ-ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നെ- സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട്. യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകല യെരൂശലേംനിവാസികളോടും പ്രസ്താവിച്ചത് എങ്ങനെ എന്നാൽ: ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല. യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല. നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമാർഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും. അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർഥം വരുത്തുകയില്ല എന്ന് അവർ പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ അനർഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു ഞാൻ ആളയച്ചു വടക്കുള്ള സകല വംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരേയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തീർക്കും. ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും. ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാട്. എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാട്. അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവ് സകല ജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിനു വരുത്തും. അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.