യിരെമ്യാവ് 25:1-14
യിരെമ്യാവ് 25:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ-ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നെ- സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട്. യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകല യെരൂശലേംനിവാസികളോടും പ്രസ്താവിച്ചത് എങ്ങനെ എന്നാൽ: ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല. യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല. നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമാർഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും. അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർഥം വരുത്തുകയില്ല എന്ന് അവർ പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ അനർഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു ഞാൻ ആളയച്ചു വടക്കുള്ള സകല വംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരേയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തീർക്കും. ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും. ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാട്. എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാട്. അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവ് സകല ജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിനു വരുത്തും. അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
യിരെമ്യാവ് 25:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം; അതായത് നെബുഖദ്നേസർ ബാബിലോണിൽ ഭരണം ആരംഭിച്ചതിന്റെ ഒന്നാം വർഷം യെഹൂദ്യനിവാസികളെക്കുറിച്ചു യിരെമ്യാക്ക് അരുളപ്പാടു ലഭിച്ചു. യിരെമ്യാപ്രവാചകൻ അതു യെഹൂദ്യയിലെ സർവജനത്തോടും യെരൂശലേമിലെ സകല നിവാസികളോടും അറിയിച്ചു; ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വർഷം മുതൽ ഇന്നുവരെ ഇരുപത്തിമൂന്നു വർഷക്കാലം സർവേശ്വരനിൽനിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാൻ നിങ്ങളോടു തുടർച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാൽ നിങ്ങൾ അവ ശ്രദ്ധിച്ചില്ല. അവിടുന്നു തന്റെ ദാസരായ പ്രവാചകരെ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ അവരെ ശ്രദ്ധിക്കുകയോ ചെവികൊടുക്കുകയോ ചെയ്തില്ല. പ്രവാചകർ പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾ ഓരോരുത്തനും തന്റെ ദുർമാർഗത്തിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും പിന്തിരിയുക. എന്നാൽ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും പണ്ടുതന്നെ ശാശ്വതാവകാശമായി തന്ന ദേശത്തു നിങ്ങൾക്കു പാർക്കാം. നിങ്ങൾ അന്യദേവന്മാരുടെ പുറകേ പോയി അവയെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; നിങ്ങളുടെ കരങ്ങൾ സൃഷ്‍ടിച്ച വസ്തുക്കൾകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്; അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല. എന്നിട്ടും നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല; നിങ്ങളുടെ നാശത്തിനായി നിങ്ങളുടെ കരങ്ങൾ സൃഷ്‍ടിച്ചവയെക്കൊണ്ട് എന്നെ പ്രകോപിപ്പിച്ചു.” അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ വാക്കു നിങ്ങൾ അനുസരിക്കാതിരുന്നതുകൊണ്ട്, ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസർരാജാവിനെയും ഞാൻ വിളിച്ചു വരുത്തും; അവർ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാൻ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും. ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു ഞാൻ നീക്കിക്കളയും. ഈ ദേശം മുഴുവൻ ശൂന്യമായിത്തീരും; ഈ ജനത ബാബിലോൺരാജാവിനെ എഴുപതു വർഷം സേവിക്കും. എഴുപതു വർഷത്തിനുശേഷം ബാബിലോൺരാജാവിനെയും ആ ജനതയെയും അവരുടെ അകൃത്യങ്ങൾ നിമിത്തം ശിക്ഷിക്കും; കല്ദയരുടെ ആ ബാബിലോൺ എന്നും ശൂന്യമായിരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആ ദേശത്തിനെതിരെ ഞാൻ പറഞ്ഞിട്ടുള്ള എല്ലാ വാക്കുകളും സകല ജനതകൾക്കുമെതിരെ യിരെമ്യാ പ്രവചിച്ചതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഞാൻ അതിന്മേൽ വരുത്തും. അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികൾക്കും അവരുടെ കരങ്ങളുടെ സൃഷ്‍ടികൾക്കും അനുസൃതമായി ഞാൻ അവർക്കു പ്രതിഫലം നല്‌കും.”
യിരെമ്യാവ് 25:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശീയാവിന്‍റെ മകനായി യെഹൂദാ രാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടിൽത്തന്നെ, സകല യെഹൂദാജനത്തെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാടു. അത് യിരെമ്യാപ്രവാചകൻ സകല യെഹൂദാജനത്തോടും സകല യെരൂശലേം നിവാസികളോടും പ്രസ്താവിച്ചത് എങ്ങനെയെന്നാൽ: “ആമോന്‍റെ മകനായി യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു വര്‍ഷം യഹോവയുടെ വചനം എനിക്കുണ്ടാകുകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കുകയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല. “യഹോവ പ്രവാചകന്മാരായ തന്‍റെ സകലദാസന്മാരെയും വീണ്ടുംവീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കുവാൻ നിങ്ങളുടെ ചെവി ചായിച്ചതുമില്ല. നിങ്ങൾ ഓരോരുത്തനും അവനവന്‍റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിയുവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കും തന്ന ദേശത്ത് നിങ്ങൾ എന്നേക്കും വസിക്കും. അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുകയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർത്ഥം വരുത്തുകയില്ല” എന്നു അവർ നിങ്ങളോടു പറഞ്ഞു. “എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിക്കുവാൻ വേണ്ടി എന്‍റെ വാക്കു കേൾക്കാതിരുന്നു” എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്‍റെ വചനങ്ങൾ അനുസരിക്കാതിരിക്കുകകൊണ്ട്, ഞാൻ ആളയച്ച് വടക്കുള്ള സകലവംശങ്ങളെയും, എന്‍റെ ദാസൻ ബാബേൽരാജാവ് നെബൂഖദ്നേസരിനെയും ഈ ദേശത്തിൻ്റെയും, അതിലെ നിവാസികളുടെയും, ചുറ്റും വസിക്കുന്ന ഈ സകലജനതകളുടെ നേരെയും വരുത്തി നിശ്ശേഷം നശിപ്പിച്ച് അവരെ സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യവുമാക്കിത്തീർക്കും. ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിൻ്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും. ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനവിഷയവും ആകും; ഈ ജനതകൾ ബാബേൽരാജാവിനെ എഴുപത് വര്‍ഷം സേവിക്കും” എന്നു യഹോവയുടെ അരുളപ്പാടു. “എഴുപത് വര്‍ഷം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജനതയെയും കൽദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്നു യഹോവയുടെ അരുളപ്പാടു. “അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും യിരെമ്യാവ് സകലജനതകളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലവചനങ്ങളും ഞാൻ അതിന് വരുത്തും. അനേകം ജനതകളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്ക് പകരം ചെയ്യും.”
യിരെമ്യാവ് 25:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നേ - സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു. യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാൽ: ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല. യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല. നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും. അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാൽ ഞാൻ നിങ്ങൾക്കു അനർത്ഥം വരുത്തുകയില്ല എന്നു അവർ പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളുടെ അനർത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിർക്കും. ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും. ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു. എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു. അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും. അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
യിരെമ്യാവ് 25:1-14 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാമാണ്ടിൽത്തന്നെ, എല്ലാ യെഹൂദാജനത്തെയുംപറ്റി യിരെമ്യാവിനുണ്ടായ അരുളപ്പാട്: അങ്ങനെ യിരെമ്യാപ്രവാചകൻ അത് എല്ലാ യെഹൂദാജനത്തോടും ജെറുശലേംനിവാസികളായ എല്ലാവരോടും അറിയിച്ചത് ഇപ്രകാരമായിരുന്നു: യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല. യഹോവ തന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചു; എന്നാൽ നിങ്ങൾ ശ്രദ്ധിക്കുകയോ കേൾക്കാൻ ചെവിചായ്‌ക്കുകയോ ചെയ്തില്ല. “നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും. അന്യദേവതകളെ സേവിക്കാനോ ആരാധിക്കാനോ അവയുടെ പിന്നാലെ പോകരുത്. നിങ്ങളുടെ കൈകളുടെ നിർമിതികൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല,” എന്നിങ്ങനെ അവർ നിങ്ങളോടു പറഞ്ഞു. “എന്നാൽ നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചില്ല, നിങ്ങളുടെതന്നെ ദോഷത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ അപ്രകാരംചെയ്തു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനം അനുസരിക്കാതിരിക്കുക നിമിത്തം, വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “മാത്രമല്ല, ഞാൻ ആഹ്ലാദാരവവും ആനന്ദധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും. ഈ ദേശമൊന്നാകെ ശൂന്യതയും ഭീതിവിഷയവുമായിത്തീരും. ഈ ജനതകൾ ബാബേൽരാജാവിനെ എഴുപതുവർഷം സേവിക്കും എന്ന് യഹോവയുടെ അരുളപ്പാട്. “എന്നാൽ ആ എഴുപതുവർഷം തികയുമ്പോൾ ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും ബാബേൽദേശത്തെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. ഞാൻ അതിനെ എന്നെന്നേക്കും ഒരു ശൂന്യദേശമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അതിനെതിരേ ഞാൻ പ്രസ്താവിച്ചിട്ടുള്ള എല്ലാ വചനങ്ങളും യിരെമ്യാപ്രവാചകൻ എല്ലാ രാഷ്ട്രങ്ങൾക്കുമെതിരെ പ്രവചിച്ചിട്ടുള്ളതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലവചനങ്ങളും ഞാൻ ആ ദേശത്തിന്റെമേൽ വരുത്തും. അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവരെ അടിമകളാക്കിത്തീർക്കും; ഞാൻ അവരുടെ കർമങ്ങൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരംചെയ്യും.”