യെശയ്യാവ് 29:17-24
യെശയ്യാവ് 29:17-24 MALOVBSI
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ? അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കുരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും സൗമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും. നിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ. മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതിൽക്കൽ ന്യായം വിസ്തരിക്കുന്നവനു കെണി വയ്ക്കയും നീതിമാനെ നിസ്സാരകാര്യം കൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിനു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു. ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ്ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല. എന്നാൽ അവൻ, അവന്റെ മക്കൾ തന്നെ, തങ്ങളുടെ മധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.

