ഉൽപത്തി 49:1-12

ഉൽപത്തി 49:1-12 MALOVBSI

അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. എന്നുള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. യെഹൂദായേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

ഉൽപത്തി 49:1-12 - നുള്ള വീഡിയോ