ഉൽപത്തി 49:1-12

ഉൽപത്തി 49:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. എന്നുള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. യെഹൂദായേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

ഉൽപത്തി 49:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബു പുത്രന്മാരെ വിളിച്ചു പറഞ്ഞു: “നിങ്ങൾ ഒന്നിച്ചുവരിക. ഭാവിയിൽ നിങ്ങൾക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്നു ഞാൻ പറയാം.” യാക്കോബിന്റെ പുത്രന്മാരേ, ഒരുമിച്ചു വന്നു ശ്രദ്ധിക്കുവിൻ. നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ. രൂബേൻ, നീ എന്റെ കടിഞ്ഞൂൽപുത്രൻ. എന്റെ ബലവും എന്റെ ശക്തിയുടെ ആദ്യഫലവും; ഊറ്റത്തിൽ നീ ഒന്നാമൻ. വെള്ളംപോലെ അസ്ഥിരനായ നീ, ശ്രേഷ്ഠനായിത്തീരുകയില്ല; നീ നിന്റെ പിതാവിന്റെ കിടക്കയിൽ കയറി അതിനെ അശുദ്ധമാക്കിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ തന്നെ. എന്റെ മനസ്സ് അവരുടെ ആലോചനയിൽ പങ്കുചേരാതിരിക്കട്ടെ; എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. കോപംകൊണ്ട് അവർ മനുഷ്യരെ കൊല്ലുന്നു. അവരുടെ ദുശ്ശാഠ്യത്തിൽ അവർ കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി. അവരുടെ കോപം അത്യുഗ്രം; അവരുടെ ക്രോധം അതിക്രൂരം; അവ ശപിക്കപ്പെടട്ടെ. ഞാൻ അവരെ യാക്കോബിൽ വിഭജിക്കും. ഇസ്രായേലിൽ ചിതറിക്കും. യെഹൂദായേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; ശത്രുക്കളുടെ കഴുത്തിൽ നീ പിടിമുറുക്കും; നിന്റെ സഹോദരന്മാർ നിന്നെ നമസ്കരിക്കും. യെഹൂദാ ഒരു സിംഹക്കുട്ടി; ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു; അവൻ സിംഹത്തെയും സിംഹിയെയും പോലെ പതുങ്ങിക്കിടക്കുന്നു. അവനെ എഴുന്നേല്പിക്കാൻ ആരു ധൈര്യപ്പെടും? യെഹൂദായിൽനിന്നു ചെങ്കോലും, അവന്റെ പാദങ്ങൾക്കിടയിൽനിന്നു രാജ ദണ്ഡും അതിന്റെ അവകാശി വരുന്നതുവരെ മാറുകയില്ല. ചെറുകഴുതയെ മുന്തിരിവള്ളിയിൽ അവൻ ബന്ധിക്കുന്നു; കഴുതക്കുട്ടിയെ വിശിഷ്ട മുന്തിരിവള്ളിയിൽ തന്നെ കെട്ടുന്നു. വീഞ്ഞിൽ തന്റെ വസ്ത്രവും ദ്രാക്ഷാരസ ത്തിൽ തന്റെ അങ്കിയും അലക്കുന്നു. വീഞ്ഞു കുടിച്ച് അവന്റെ കണ്ണു ചുവക്കും; പാൽ കുടിച്ച് അവന്റെ പല്ലു വെളുക്കും.

ഉൽപത്തി 49:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്ക് സംഭവിക്കാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്‍റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്‍റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്‍റെ ആദ്യജാതൻ, എന്‍റെ വീര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്‍റെ വൈശിഷ്ട്യവും തന്നെ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല; നീ അപ്പന്‍റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്‍റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിൻ്റെ ആയുധങ്ങൾ. എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും. യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്‍റെ മക്കൾ നിന്‍റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു വലിയസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്‍റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്‍റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്‍റെ വസ്ത്രവും അലക്കുന്നു. അവന്‍റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്‍റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

ഉൽപത്തി 49:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. എൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും. അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.

ഉൽപത്തി 49:1-12 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം. “യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക; നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. “രൂബേൻ എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും ആഭിജാത്യത്തിന്റെ വൈശിഷ്ട്യവും വീര്യത്തിന്റെ മഹിമയുംതന്നെ. വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല. നിന്റെ പിതാവിന്റെ കിടക്കമേൽ നീ കയറി, എന്റെ ശയ്യയെ നീ അശുദ്ധമാക്കിയല്ലോ. “ശിമെയോനും ലേവിയും സഹോദരങ്ങൾ; അവരുടെ വാളുകൾ ഹിംസയുടെ ആയുധങ്ങൾ. എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ. എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു; ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി. അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം! അവരുടെ ക്രോധം, അതെത്ര ക്രൂരം! അവരെ ഞാൻ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും. “യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും; നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും. യെഹൂദാ, ഒരു സിംഹക്കുട്ടി; എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു, സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു. സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക? അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയും ചെയ്യുന്നതുവരെ ചെങ്കോൽ യെഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല. അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും. അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു. അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ.