ഗലാത്യർ 2:1-14

ഗലാത്യർ 2:1-14 MALOVBSI

പതിന്നാല് ആണ്ട് കഴിഞ്ഞിട്ടു ഞാൻ ബർന്നബാസുമായി തീത്തൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി. ഞാൻ ഒരു വെളിപ്പാട് അനുസരിച്ചത്രേ പോയത്; ഞാൻ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളുടെ ഇടയിൽ പ്രസംഗിക്കുന്ന സുവിശേഷം അവരോട്, വിശേഷാൽ പ്രമാണികളോടു വിവരിച്ചു. എന്റെകൂടെയുള്ള തീത്തൊസ് യവനൻ എങ്കിലും പരിച്ഛേദന ഏല്പാൻ അവനെ ആരും നിർബന്ധിച്ചില്ല. അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിനു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു. സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്ക്കേണ്ടതിനു ഞങ്ങൾ അവർക്ക് ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല. പ്രമാണികളായവരോ അവർ പണ്ട് എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല. നേരേ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ട് പത്രൊസിനു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്ക് അഗ്രചർമക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാൻ തക്കവണ്ണം എനിക്കും ബർന്നബാസിനും കൂട്ടായ്മയുടെ വലംകൈ തന്നു. ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു. എന്നാൽ കേഫാവ് അന്ത്യൊക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു. യാക്കോബിന്റെ അടുക്കൽനിന്നു ചിലർ വരുംമുമ്പേ അവൻ ജാതികളോടുകൂടെ തിന്നുപോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞുനിന്നു. ശേഷം യെഹൂദന്മാരും അവനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോകുവാൻ ഇടവന്നു. അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നത് എന്ത്?