പുറപ്പാട് 15:19-27

പുറപ്പാട് 15:19-27 MALOVBSI

എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെമേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയിൽ തപ്പെടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു. മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവയ്ക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. മാറായിൽ എത്തിയാറെ, മാറായിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അതുകൊണ്ട് അതിനു മാറാ എന്നു പേരിട്ടു. അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരേ പിറുപിറുത്തു. അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായിത്തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

പുറപ്പാട് 15:19-27 - നുള്ള വീഡിയോ