ദാനീയേൽ 5:1-16

ദാനീയേൽ 5:1-16 MALOVBSI

ബേൽശസ്സർരാജാവ് തന്റെ മഹത്തുക്കളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്ന് ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന പൊൻ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിനായി കൊണ്ടുവരുവാൻ കല്പിച്ചു. അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ട് വിളക്കിനു നേരേ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു. ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി; അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. രാജാവ് ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: ആരെങ്കിലും ഈ എഴുത്തു വായിച്ച് അർഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു. അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തു വന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല. അപ്പോൾ ബേൽശസ്സർരാജാവ് അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നുപോയി. രാജാവിന്റെയും മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവ് ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്. വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവ്, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നെ, ബേൽത്ത്ശസ്സർ എന്നു പേരു വിളിച്ച ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥവാക്യപ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവ് അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർഥം ബോധിപ്പിക്കും എന്ന് ഉണർത്തിച്ചു. അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോടു കല്പിച്ചത്: എന്റെ അപ്പനായ രാജാവ് യെഹൂദായിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നെയോ? ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിച്ച് അർഥം അറിയിക്കേണ്ടതിനു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ അർഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ച്, അതിന്റെ അർഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.