കൊലൊസ്സ്യർ 2:13-23

കൊലൊസ്സ്യർ 2:13-23 MALOVBSI

അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗം വയ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്. തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നത് എന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചുപോകുന്നതത്രേ. അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.