കൊലൊസ്സ്യർ 2:13-23
കൊലൊസ്സ്യർ 2:13-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗം വയ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്. തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നത് എന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചുപോകുന്നതത്രേ. അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
കൊലൊസ്സ്യർ 2:13-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപങ്ങൾകൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങൾ ഒരിക്കൽ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാൽ ഇപ്പോൾ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു. നമ്മുടെ കടങ്ങൾ സംബന്ധിച്ച് നമുക്കു പ്രതികൂലമായുണ്ടായിരുന്ന രേഖകളും ചട്ടങ്ങളും ദൈവം മാറ്റുകയും അവയെ കുരിശിൽ തറച്ചു പൂർണമായി തുടച്ചു നീക്കുകയും ചെയ്തു. കുരിശിലൂടെ ക്രിസ്തു അധമശക്തികളെയും ദുഷ്ട അധികാരികളെയും നിരായുധരാക്കി അവരുടെമേൽ ജയോത്സവം കൊണ്ടാടുകയും അവരെ ജനമധ്യത്തിൽ പരിഹാസപാത്രമായി പ്രദർശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ആഹാരപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബത്ത് മുതലായവ സംബന്ധിച്ചോ ആരും ഇനി നിങ്ങളെ വിധിക്കാതിരിക്കട്ടെ. ഇവയെല്ലാം ഭാവിയിൽ സംഭവിക്കുവാനിരിക്കുന്നതിന്റെ നിഴൽമാത്രമാകുന്നു; യാഥാർഥ്യം ക്രിസ്തുവത്രേ. പ്രത്യേക ദർശനങ്ങളുള്ളവരെന്നു പറഞ്ഞ് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് അവകാശപ്പെടുകയും, കപടവിനയം ഭാവിക്കുവാനും മാലാഖമാരെ ആരാധിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ആരും നിങ്ങൾക്ക് അയോഗ്യത കല്പിക്കുവാൻ ഇടകൊടുക്കരുത്. അങ്ങനെയുള്ളവർ തങ്ങളുടെ മാനുഷികരീതിയിലുള്ള ചിന്തമൂലം അഹങ്കരിക്കുന്നതേയുള്ളൂ. അവർ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലർത്താത്തവരാണ്. ക്രിസ്തുവിന്റെ നിയന്ത്രണത്തിൽ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു. നിങ്ങൾ ക്രിസ്തുവിനോടുകൂടി മരിക്കുകയും പ്രപഞ്ചത്തെ ഭരിക്കുന്ന ഭൗതികശക്തികളിൽനിന്നു സ്വതന്ത്രരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിന്നെയും, എന്തിനു ലോകത്തിനുള്ളവർ എന്നവണ്ണം നിങ്ങൾ ജീവിക്കുന്നു? ‘ഇത് എടുക്കരുത്, അതു രുചിക്കരുത്, മറ്റതു തൊടുകപോലും അരുത്’ എന്നിങ്ങനെയുള്ള ചട്ടങ്ങൾ എന്തിന് അനുസരിക്കണം? ഉപയോഗംകൊണ്ടു നശിച്ചുപോകുന്നവയെക്കുറിച്ചത്രേ ഇവിടെ പറയുന്നത്; ഇവയെല്ലാം മനുഷ്യനിർമിതമായ ചട്ടങ്ങളും ഉപദേശങ്ങളുമാകുന്നു. സ്വേച്ഛാരാധനയും കപടവിനയവും കർക്കശമായ ശാരീരിക വ്രതാനുഷ്ഠാനവും സംബന്ധിച്ച വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള അനുശാസനങ്ങളാണിവയൊക്കെ എന്നു തോന്നിയേക്കാം. എന്നാൽ ഇന്ദ്രിയനിഗ്രഹത്തിനു പര്യാപ്തമായ മൂല്യം ഇവയ്‍ക്കില്ല.
കൊലൊസ്സ്യർ 2:13-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിൻ്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു. നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു; അധികാരങ്ങളേയും ശക്തികളേയും പിടിച്ചടക്കി ക്രൂശിൽ അവരുടെ മേൽ ജയോത്സവം ആഘോഷിച്ച് അവരെ പരസ്യമായ കാഴ്ചയാക്കിത്തീർത്തു. അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ, പെരുന്നാളുകൾ, വാവ്, ശബ്ബത്ത്, എന്നീ കാര്യങ്ങളിൽ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; എന്നാൽ യാഥാർത്ഥ്യമായതോ ക്രിസ്തുവത്രേ. വ്യാജമായ താഴ്മയിലും, ദൂതന്മാരെ ആരാധിക്കുന്നതുമൂലം കാണാത്ത കാര്യങ്ങളിൽ ഇടപെടുകയും തന്‍റെ ജഡമനസ്സിനാൽ അനാവശ്യമായി നിഗളിക്കുകയും ചെയ്യുന്ന ആരുംതന്നെ നിങ്ങൾക്കുള്ള പ്രതിഫലം വൃഥാവാക്കരുത്. ക്രിസ്തുവാകുന്ന തലയെ മുറുകെ പിടിക്കാതിരിക്കുന്ന ഒരുവനും നിങ്ങളെ കവർന്നു കളയരുത്, തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധിഞരമ്പുകളെ പോഷിപ്പിച്ച് ഒന്നായിച്ചേർത്ത് ദൈവവർദ്ധയ്ക്കനുസാരമായി വളർച്ച പ്രാപിക്കുന്നത്. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്‍റെ പാപകാരണമായ വിശ്വാസ വ്യവസ്ഥകൾ സംബന്ധിച്ച് മരിച്ചുവെങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്ക് കീഴ്പെടുന്നത് എന്ത്? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. ഇതൊക്കെയും സ്വന്ത ഇഷ്ടത്തിനൊത്ത ആരാധനയിലും താഴ്മയിലും ശരീരത്തെ തൃജിക്കുന്നതിലും രസിക്കുന്നവർക്കുള്ളതാണ്; എന്നാൽ ജഡാഭിലാഷം നിയന്ത്രിക്കുന്നതിന് പര്യാപ്തമല്ല.
കൊലൊസ്സ്യർ 2:13-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണയായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
കൊലൊസ്സ്യർ 2:13-23 സമകാലിക മലയാളവിവർത്തനം (MCV)
അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി. അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്. സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഈ ലോകത്തിന്റെ പ്രാഥമികപ്രമാണങ്ങൾക്കു മരിച്ചുവെങ്കിൽ, എന്തുകൊണ്ട് ലൗകികരെപ്പോലെ ജീവിച്ചുകൊണ്ട്, “തൊടരുത്! രുചിക്കരുത്! പിടിക്കരുത്!” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് ഇപ്പോഴും കീഴ്പ്പെടുന്നു. ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്. സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.