അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനു ചൂടു പിടിച്ചു. അവൻ പള്ളിയിൽവച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിയാമോ? നീ ചില അപൂർവങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനരൊക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല. പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാതദേവന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നത് തന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു. ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റു ചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു. അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്നു പോയി.
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 17:16-33
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ