അപ്പൊ. പ്രവൃത്തികൾ 17:16-33
അപ്പൊ. പ്രവൃത്തികൾ 17:16-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനു ചൂടു പിടിച്ചു. അവൻ പള്ളിയിൽവച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിയാമോ? നീ ചില അപൂർവങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനരൊക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല. പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാതദേവന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നത് തന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു. ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റു ചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു. അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്നു പോയി.
അപ്പൊ. പ്രവൃത്തികൾ 17:16-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശീലാസും തിമൊഥെയോസും വരുന്നതിന് പൗലൊസ് ആഥൻസിൽ കാത്തിരിക്കുകയായിരുന്നു. ആ പട്ടണം വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി അദ്ദേഹം കണ്ടു. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സുനഗോഗിൽ വന്നുകൂടുന്ന യെഹൂദന്മാരോടും അവരോടൊത്ത് ആരാധിച്ചുവന്ന വിജാതീയരായ ഭക്തജനങ്ങളോടും പട്ടണത്തിലെ പൊതുസ്ഥലത്ത് ദിനംതോറും കൂടിവന്നവരോടും അദ്ദേഹം വാദപ്രതിവാദം നടത്തിപ്പോന്നു. എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാർശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായൻ എന്താണു പറയുവാൻ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാൾ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പിന്നീട് അവർ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കൾ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങൾക്കറിഞ്ഞാൽ കൊള്ളാം; വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങൾ കേൾക്കുന്നത്. ഇതിന്റെ അർഥം എന്താണെന്നറിയുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു. ആഥൻസുകാർക്കും, ആ പട്ടണത്തിൽ നിവസിച്ചിരുന്ന വിദേശീയർക്കും പുതുമയുള്ള കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. അരയോപഗസ്സിന്റെ മധ്യത്തിൽ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥൻസിലെ പൗരജനങ്ങളേ, നിങ്ങൾ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ ചുറ്റിനടന്നപ്പോൾ നിങ്ങളുടെ പൂജാവസ്തുക്കളെല്ലാം കണ്ടു; ‘അജ്ഞാതദേവന്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ബലിപീഠവും അതിനിടയ്‍ക്കു കാണാനിടയായി. നിങ്ങൾ അറിവില്ലാതെ പൂജിക്കുന്ന ആ അജ്ഞാതദേവനെപ്പറ്റിയാണ് ഞാൻ പ്രഖ്യാപനം ചെയ്യുന്നത്. പ്രപഞ്ചവും അതിലുള്ള സകലവും ഉണ്ടാക്കിയ ഈശ്വരൻ, ആകാശത്തിന്റെയും ഭൂമിയുടെയും അധിനാഥനായതുകൊണ്ട്, മനുഷ്യകരങ്ങളാൽ നിർമിക്കപ്പെട്ട ക്ഷേത്രങ്ങളിൽ നിവസിക്കുന്നില്ല. മനുഷ്യനു ജീവനും ശ്വാസവും എന്നല്ല, സമസ്തവും നല്‌കുന്നത് അവിടുന്നാണ്. അതിനാൽ വല്ലതിനും ബുദ്ധിമുട്ടുള്ളവന് എന്നപോലെ മനുഷ്യകരങ്ങൾക്കൊണ്ടുള്ള സേവനം അവിടുത്തേക്ക് ഒട്ടാവശ്യവുമില്ല. ഭൂതലത്തെ മുഴുവനും അധിവസിക്കുന്നതിനായി ഒരുവനിൽനിന്ന് മനുഷ്യജാതിയെ മുഴുവൻ അവിടുന്നു സൃഷ്‍ടിച്ചു. മനുഷ്യൻ എത്രകാലം എവിടെയൊക്കെ പാർക്കണമെന്നു സ്ഥലകാല പരിധികളും അവിടുന്നു കൃത്യമായി നിർണയിച്ചിട്ടുണ്ട്. അവർ ഈശ്വരനെ തപ്പിത്തിരഞ്ഞു കണ്ടെത്താമെന്ന പ്രതീക്ഷയോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. എങ്കിലും അവിടുന്ന് നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നവനല്ല. ഈശ്വരനിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും; നമ്മുടെ അസ്തിത്വം തന്നെയും ഈശ്വരനിലാകുന്നു. നിങ്ങളുടെ കവികളിൽ ഒരാൾ പറഞ്ഞിരിക്കുന്നതുപോലെ, നാം ദൈവത്തിന്റെ സന്താനങ്ങൾ തന്നെ. “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കെ മനുഷ്യന്റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ നിർമിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാൻ പാടില്ല. അനുതപിച്ച് പാപമാർഗങ്ങളിൽനിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോൾ ദൈവം ആജ്ഞാപിക്കുന്നു. അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂർവം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചതിനാൽ, എല്ലാവർക്കും അതിനുള്ള ഉറപ്പും നല്‌കിയിരിക്കുന്നു.” മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോൾ ചിലർ പരിഹസിച്ചു. എന്നാൽ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കൾ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാൽ കൊള്ളാം എന്നു പറഞ്ഞു. അങ്ങനെ പൗലൊസ് അവരുടെ മധ്യത്തിൽനിന്നു പോയി.
അപ്പൊ. പ്രവൃത്തികൾ 17:16-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു ആത്മാവിൽ അവൻ കലങ്ങിപ്പോയി. അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിവുള്ളതോ? നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. (എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല). പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന്’ എന്നു എഴുത്തുള്ള ഒരു ബലിപീഠം കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു. ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്നു അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്നു നിരൂപിക്കേണ്ടതില്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു. ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്‍റെ ഉറപ്പ് നല്കിയുമിരിക്കുന്നു.” മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ടു ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു. അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി.
അപ്പൊ. പ്രവൃത്തികൾ 17:16-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു. അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ? നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല. പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു. ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു. അങ്ങനെ പൗലൊസ് അവരുടെ നടുവിൽ നിന്നു പോയി
അപ്പൊ. പ്രവൃത്തികൾ 17:16-33 സമകാലിക മലയാളവിവർത്തനം (MCV)
പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി. അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു. എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്. പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ? താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു. (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.) അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ, അജ്ഞാത ദേവന്, എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്: “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ! “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.” മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി.