2 ശമൂവേൽ 22:1-25

2 ശമൂവേൽ 22:1-25 MALOVBSI

യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്റെ കൈയിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവയ്ക്ക് ഒരു സംഗീതം പാടി ചൊല്ലിയതെന്തെന്നാൽ: യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നെ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും. മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു; പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കെണികൾ എന്റെമേൽ വീണു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി. ഭൂമി ഞെട്ടി വിറച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻചിറകിന്മേൽ പ്രത്യക്ഷനായി. അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു. യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു. അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവയുടെ ഭർത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികളൊക്കെയും എന്റെ മുമ്പിലുണ്ട്; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിർമ്മലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.