2 ശമൂവേൽ 22:1-25

2 ശമൂവേൽ 22:1-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്റെ കൈയിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവയ്ക്ക് ഒരു സംഗീതം പാടി ചൊല്ലിയതെന്തെന്നാൽ: യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നെ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും. മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു; പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കെണികൾ എന്റെമേൽ വീണു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടുതന്നെ നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി. ഭൂമി ഞെട്ടി വിറച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻചിറകിന്മേൽ പ്രത്യക്ഷനായി. അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു. യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു. അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവയുടെ ഭർത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു. എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികളൊക്കെയും എന്റെ മുമ്പിലുണ്ട്; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിർമ്മലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക

2 ശമൂവേൽ 22:1-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ ദാവീദിനെ ശൗലിൽനിന്നും സകല ശത്രുക്കളിൽനിന്നും രക്ഷിച്ചപ്പോൾ ദാവീദ് ഈ ഗീതം ആലപിച്ചു: സർവേശ്വരൻ എന്റെ അഭയശിലയും രക്ഷാദുർഗവും എന്റെ വിമോചകനും അവിടുന്നു തന്നെ എന്റെ ദൈവവും എനിക്ക് അഭയം തരുന്ന എന്റെ പാറയും എന്നെ സംരക്ഷിക്കുന്ന പരിചയും അങ്ങു തന്നെ. അവിടുന്ന് എന്റെ രക്ഷയുടെ കൊമ്പും അഭയസങ്കേതവും രക്ഷകനും ആകുന്നു. അവിടുന്ന് എന്നെ അക്രമത്തിൽനിന്നു വിടുവിക്കുന്നു. സർവേശ്വരനു സ്തോത്രം. ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു; എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. മരണത്തിന്റെ തിരമാലകൾ എന്നെ വലയം ചെയ്തു; വിനാശത്തിന്റെ പ്രവാഹം എന്റെ മീതെ കവിഞ്ഞൊഴുകി പാതാളപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു മരണത്തിന്റെ കെണികൾ എന്നെ പിടികൂടി. എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു; ആകാശത്തിന്റെ അടിസ്ഥാനം ഇളകി. അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു. വായിൽനിന്നു സംഹാരാഗ്നി വമിച്ചു. അതിൽനിന്നു തീക്കനൽ ആളിക്കത്തി. അവിടുന്ന് ആകാശം ഭേദിച്ചിറങ്ങി കൂരിരുൾ അവിടുത്തെ കാല്‌ക്കീഴിലുണ്ടായിരുന്നു. അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു; കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി. കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി; ജലം നിറഞ്ഞ കാർമേഘങ്ങളെ മേൽവിരിപ്പുമാക്കി. തിരുസന്നിധിയിലെ ഉജ്ജ്വലതേജസ്സാൽ തീക്കനൽ ജ്വലിച്ചു. സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി; അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു. അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു മിന്നൽപ്പിണരുകളാൽ അവരെ തുരത്തി. സർവേശ്വരന്റെ ഭർത്സനത്താൽ, അവിടുത്തെ നിശ്വാസത്തിന്റെ കൊടുങ്കാറ്റിനാൽ ആഴിയുടെ അടിത്തട്ടു ദൃശ്യമായി. ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി. അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു കരുത്തനായ ശത്രുവിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ വിടുവിച്ചു. അവർ എന്നെക്കാൾ ശക്തരായിരുന്നു. എന്റെ കഷ്ടകാലത്ത് അവർ എന്നെ ആക്രമിച്ചു; എങ്കിലും സർവേശ്വരൻ എനിക്കു തുണയായിരുന്നു. അവിടുന്ന് എന്നെ രക്ഷിച്ചു; എന്നിൽ പ്രസാദിച്ച് എന്നെ വിടുവിച്ചു. എന്റെ ധർമനിഷ്ഠയ്‍ക്കൊത്തവിധം സർവേശ്വരൻ എനിക്കു പ്രതിഫലം നല്‌കി എന്റെ കരങ്ങളുടെ നിർമ്മലതയ്‍ക്കൊത്ത വിധം എനിക്കു പകരം നല്‌കി. സർവേശ്വരന്റെ പാതയിൽ ഞാൻ ചരിച്ചു; തിന്മ ചെയ്ത് എന്റെ ദൈവത്തിൽനിന്ന് ഞാൻ അകന്നു പോയതുമില്ല. അവിടുത്തെ കല്പനകളെല്ലാം ഞാൻ പാലിച്ചു; അവിടുത്തെ നിയമങ്ങൾ ഞാൻ വിട്ടു നടന്നിട്ടുമില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു; അകൃത്യങ്ങളിൽനിന്നു ഞാൻ അകന്നുമാറി. എന്റെ ധർമ്മനിഷ്ഠയ്‍ക്കും നിർമ്മലതയ്‍ക്കും ഒത്തവിധം അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി.

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക

2 ശമൂവേൽ 22:1-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്‍റെ കയ്യിൽനിന്നും വിടുവിച്ച ദിവസം അവൻ യഹോവയ്ക്ക് ചൊല്ലിയ കീർത്തനം: “യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും എന്‍റെ രക്ഷകനും ആകുന്നു. എന്‍റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും; എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ അഭയസ്ഥാനവും എന്‍റെ കോട്ടയും തന്നെ. എന്‍റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു. സ്തുതിക്കപ്പെടുവാൻ യോഗ്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്‍റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ രക്ഷിക്കും. മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ കുത്തൊഴുക്കുകൾ എന്നെ ഭയപ്പെടുത്തി; പാതാളപാശങ്ങൾ എന്നെ ചുറ്റി; മരണത്തിന്‍റെ കെണികൾ എന്‍റെ മേൽ വീണു. എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്‍റെ ദൈവത്തോടുതന്നെ നിലവിളിച്ചു, അവിടുന്ന് അവിടുത്തെ ആലയത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെ ചെവികളിൽ എത്തി. അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു, ആകാശത്തിന്‍റെ അടിസ്ഥാനങ്ങൾ ഇളകി, അവ കുലുങ്ങിപ്പോയി. അവിടുത്തെ മൂക്കിൽനിന്നു പുകപൊങ്ങി, അവിടുത്തെ വായിൽനിന്നു ദഹിപ്പിക്കുന്ന തീ പുറപ്പെട്ടു, തീക്കനൽ അവനിൽനിന്ന് ജ്വലിച്ചു. അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴുണ്ടായിരുന്നു. അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു, കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി. അവിടുന്ന് അന്ധകാരത്തെ ചുറ്റും മറയാക്കി; ആകാശത്തിലെ ഇരുണ്ട വെള്ളങ്ങളും കനത്ത മേഘങ്ങളും കൂടെ. അവിടുത്തെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു. യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു. അവിടുന്ന് അമ്പ് എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു. യഹോവയുടെ ശാസനയാൽ, തിരുമൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാൽ കടലിന്‍റെ ചാലുകൾ കാണപ്പെട്ടു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. അവിടുന്ന് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. അവിടുന്ന് എന്‍റെ ബലമുള്ള ശത്രുവിൽനിന്നും എന്നെ പകച്ചവരിൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു. എന്‍റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു. അവിടുന്ന് എന്നെ അപകടത്തില്‍ നിന്ന് വിടുവിച്ചു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു. യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്ക് പ്രതിഫലം നല്കി, എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്ക് പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്‍റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല. അവിടുത്തെ വിധികൾ ഒക്കെയും എന്‍റെ മുമ്പിലുണ്ട്; അവിടുത്തെ ചട്ടങ്ങളിൽനിന്ന് ഞാൻ വിട്ടുനടന്നിട്ടുമില്ല. ഞാൻ അങ്ങേയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു. യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും അങ്ങേയുടെ കാഴ്ചയിൽ എന്‍റെ നിർമ്മലതക്കൊത്തവണ്ണവും അവിടുന്ന് എനിക്ക് പകരം നല്കി.

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക

2 ശമൂവേൽ 22:1-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ: യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു. എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു. സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും. മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു; പാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കണികൾ എന്റെമേൽ വീണു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു, അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി. ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി. അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു. അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു. അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻ ചിറകിന്മേൽ പ്രത്യക്ഷനായി. അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ. അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു. യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു. അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നൽ അയച്ചു അവരെ തോല്പിച്ചു. യഹോവയുടെ ഭത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു. ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു. എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു. അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു. ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല. അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടുനടന്നിട്ടുമില്ല. ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു. യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിർമ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക

2 ശമൂവേൽ 22:1-25 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ദാവീദിനെ, അദ്ദേഹത്തിന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു. അദ്ദേഹം പാടി: “യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ— അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു. “സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. മരണത്തിരമാലകൾ എനിക്കുചുറ്റും ആർത്തിരമ്പി; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ കാതുകളിൽ എത്തി. ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി. അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. അവിടന്ന് അന്ധകാരത്തെ തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മിന്നൽപ്പിണരുകൾ കത്തിജ്വലിച്ചു. യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു. അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു യഹോവേ, അവിടത്തെ ശാസനയാൽ, അങ്ങയുടെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ. “അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു. എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. “എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, അവിടത്തെ ദൃഷ്ടിയിൽ എന്നിലുള്ള വിശുദ്ധിക്കനുസരിച്ചുതന്നെ.

പങ്ക് വെക്കു
2 ശമൂവേൽ 22 വായിക്കുക