അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി- അവൻ യെഹൂദാമക്കളെ ഈ ധനുർഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ! ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമികളുടെ കന്യകമാർ ഉല്ലസിക്കരുതേ; ഗിൽബോവപർവതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല. ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല; അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു. നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. യുദ്ധമധ്യേ വീരന്മാർ പട്ടുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്. വീരന്മാർ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
2 ശമൂവേൽ 1 വായിക്കുക
കേൾക്കുക 2 ശമൂവേൽ 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമൂവേൽ 1:17-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ