2 ശമൂവേൽ 1:17-27
2 ശമൂവേൽ 1:17-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി- അവൻ യെഹൂദാമക്കളെ ഈ ധനുർഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ! ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമികളുടെ കന്യകമാർ ഉല്ലസിക്കരുതേ; ഗിൽബോവപർവതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല. ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല; അവർ കഴുകനിലും വേഗവാന്മാർ. സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു. നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. യുദ്ധമധ്യേ വീരന്മാർ പട്ടുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്. വീരന്മാർ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
2 ശമൂവേൽ 1:17-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗലിനെയും അദ്ദേഹത്തിന്റെ പുത്രൻ യോനാഥാനെയുംകുറിച്ചു ദാവീദ് ഒരു വിലാപഗാനം പാടി: യെഹൂദ്യയിലെ ജനത്തെ ഈ ഗാനം പഠിപ്പിക്കണമെന്നു കല്പിക്കുകയും ചെയ്തു. ശൂരന്മാരുടെ പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലേ, നിന്റെ ഗിരികളിൽ മഹത്ത്വം നിഹനിക്കപ്പെട്ടു; ശക്തന്മാർ വീണുപോയതെങ്ങനെ? ഗത്തിൽ ഇതു ഘോഷിക്കരുത്; അസ്കലോൻ തെരുവുകളിൽ പ്രസിദ്ധമാക്കരുത്. ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കാതിരിക്കട്ടെ വിജാതീയപുത്രിമാർ ആർപ്പിടാതിരിക്കട്ടെ ഗിൽബോവാ ഗിരികളിൽ മഞ്ഞും മഴയും പെയ്യാതിരിക്കട്ടെ. അഗാധതയിൽനിന്ന് ഉറവ പുറപ്പെടാതിരിക്കട്ടെ. വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത് അവിടെയാണല്ലോ. ശൗലിന്റെ എണ്ണയിടാത്ത പരിച അവിടെയാണല്ലോ കിടക്കുന്നത്. കൊല്ലപ്പെട്ടവരുടെ രക്തത്തിൽനിന്നും ശക്തന്മാരുടെ മേദസ്സിൽനിന്നും യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല. ശൗലിന്റെ വാൾ വൃഥാ പിൻവാങ്ങിയില്ല. ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു. ജീവിതത്തിലും മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനെക്കാൾ വേഗതയുള്ളവർ, സിംഹത്തെക്കാൾ ബലമേറിയവർ. ഇസ്രായേല്യവനിതകളേ, ശൗലിനെച്ചൊല്ലി വിലപിക്കുവിൻ. അവൻ നിങ്ങളെ മോടിയായി രക്താംബരം ധരിപ്പിച്ചു ഉടയാടകളിൽ പൊന്നാഭരണം അണിയിച്ചു. യുദ്ധത്തിൽ വീരന്മാർ എങ്ങനെ നിലംപതിച്ചു? നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ യോനാഥാനേ, എന്റെ സഹോദരാ നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു നീ എന്റെ ആത്മസുഹൃത്തായിരുന്നു; എന്നോടുള്ള നിന്റെ സ്നേഹം എത്ര അദ്ഭുതകരം അതു സ്‍ത്രീകളുടെ പ്രേമത്തെക്കാൾ അഗാധം ശക്തന്മാർ എങ്ങനെ നിലംപതിച്ചു? അവരുടെ ആയുധങ്ങൾ എങ്ങനെ നശിച്ചു?
2 ശമൂവേൽ 1:17-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി. അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ: “യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ? ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. “ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ. കൊല്ലപ്പെട്ടവരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്‍റെ വില്ല് പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല. “ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകന്മാരിലും വേഗതയുള്ളവർ, സിംഹങ്ങളിലും ശക്തിശാലികൾ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. “യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ? നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ. എന്‍റെ സഹോദരാ, യോനാഥാനേ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം. “യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ? യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ.”
2 ശമൂവേൽ 1:17-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ദാവീദ് ശൗലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ചു ഈ വിലാപഗീതം ചൊല്ലി - അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:- യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയതു എങ്ങനെ! ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ. ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ. നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ടു യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്റെ വാൾ വൃഥാ പോന്നതുമില്ല. ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനിലും വേഗവാന്മാർ, സിംഹത്തിലും വീര്യവാന്മാർ. യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിൻ അവൻ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു. വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!
2 ശമൂവേൽ 1:17-27 സമകാലിക മലയാളവിവർത്തനം (MCV)
ശൗലിനെയും അദ്ദേഹത്തിന്റെ മകനായ യോനാഥാനെയുംകുറിച്ചു ദാവീദ് ഇപ്രകാരം ഒരു വിലാപഗാനം ആലപിച്ചു. വിലാപത്തിന്റെ ഈ ധനുർഗീതം യെഹൂദാജനതയെ അഭ്യസിപ്പിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഈ ഗീതം യാശാരിന്റെ ഗ്രന്ഥത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു: “ഇസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ വീണുപോയി; വീരന്മാർ വീണുപോയതെങ്ങനെ! “ഗത്തിൽ അതു പ്രസ്താവിക്കരുത്, അസ്കലോൻ തെരുവീഥികളിൽ അതു പ്രസിദ്ധമാക്കരുത്; ഫെലിസ്ത്യകന്യകമാർ ആനന്ദിക്കാതിരിക്കട്ടെ; പരിച്ഛേദനമേൽക്കാത്തവരുടെ പുത്രിമാർ ആഹ്ലാദിക്കാതെയുമിരിക്കട്ടെ. “ഗിൽബോവ ഗിരിനിരകളേ, നിങ്ങളിൽ മഞ്ഞും മഴയും പെയ്യാതെപോകട്ടെ, തട്ടുതട്ടായ വയലുകളും നിങ്ങളിൽ ഇല്ലാതെപോകട്ടെ. കാരണം, ബലശാലിയുടെ പരിച അവിടെവെച്ചല്ലോ നിന്ദിക്കപ്പെട്ടത്, ശൗലിന്റെ പരിചതന്നെ—ഇനിയൊരിക്കലും അതിൽ എണ്ണപൂശി മിനുക്കുകയില്ല. “നിഹതന്മാരുടെ രക്തത്തിൽനിന്ന്, അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്, യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല. ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല. ശൗലും യോനാഥാനും; അവർ സ്നേഹശാലികളും കരുണാപൂർണരുമായിരുന്നു. മരണത്തിലും അവർ വേർപിരിഞ്ഞില്ല! അവർ കഴുകന്മാരിലും വേഗമേറിയവർ, സിംഹങ്ങളിലും ബലശാലികൾതന്നെ! “ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ! അദ്ദേഹം നിങ്ങളെ മോടിയായി രക്താംബരം അണിയിക്കുകയും നിങ്ങളുടെ വസ്ത്രങ്ങളിൽ സ്വർണാഭരണങ്ങൾ അണിയിക്കുകയും ചെയ്തു. “വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ. യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കേറ്റവും പ്രിയനായിരുന്നു! നിനക്ക് എന്നോടുള്ള സ്നേഹം വിസ്മയകരമായിരുന്നു, അത് ഒരു സ്ത്രീയുടെ സ്നേഹത്തെക്കാളും അതിശയകരം! “വീരന്മാർ വീണുപോയതെങ്ങനെ! യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!”