2 കൊരിന്ത്യർ 7:2-7

2 കൊരിന്ത്യർ 7:2-7 MALOVBSI

നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്ക് ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തിയിട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. കുറ്റം വിധിക്കുവാനല്ല ഞാൻ ഇതു പറയുന്നത്; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളോട് എനിക്കുള്ള പ്രാഗല്ഭ്യം വലിയത്; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയത്; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു. ഞങ്ങൾ മക്കെദോന്യയിൽ എത്തിയശേഷവും ഞങ്ങളുടെ ജഡത്തിന് ഒട്ടും സുഖമല്ല എല്ലാ വിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്തു യുദ്ധം, അകത്തു ഭയം. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീത്തൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അവന്റെ വരവിനാൽ മാത്രമല്ല, അവനു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോട് അറിയിച്ചതിനാൽതന്നെ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.