2 കൊരിന്ത്യർ 7:2-7

2 കൊരിന്ത്യർ 7:2-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്ക് ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തിയിട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. കുറ്റം വിധിക്കുവാനല്ല ഞാൻ ഇതു പറയുന്നത്; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളോട് എനിക്കുള്ള പ്രാഗല്ഭ്യം വലിയത്; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയത്; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു. ഞങ്ങൾ മക്കെദോന്യയിൽ എത്തിയശേഷവും ഞങ്ങളുടെ ജഡത്തിന് ഒട്ടും സുഖമല്ല എല്ലാ വിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്തു യുദ്ധം, അകത്തു ഭയം. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീത്തൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അവന്റെ വരവിനാൽ മാത്രമല്ല, അവനു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോട് അറിയിച്ചതിനാൽതന്നെ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.

2 കൊരിന്ത്യർ 7:2-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾക്ക് ഇടം തരിക. ഞങ്ങൾ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല; ആരെയും ഞങ്ങൾ നശിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്തിട്ടുമില്ല. നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങൾ ജീവിച്ചാലും മരിച്ചാലും ഞങ്ങൾക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങൾ. നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടായിരിക്കും. നിങ്ങളിൽ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളിൽ ഞാൻ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാൻ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു. ഞങ്ങൾ മാസിഡോണിയയിൽ എത്തിയിട്ടും ഒരു വിശ്രമവുമില്ലായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങൾ; പുറത്ത് ശണ്ഠകൾ, അകത്ത് ആശങ്ക. എന്നാൽ മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തോസിന്റെ ആഗമനം മൂലം എന്നെ ആശ്വസിപ്പിച്ചു. തീത്തോസിന്റെ വരവുമാത്രമല്ല, നിങ്ങൾ അയാളെ എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അയാൾ ഞങ്ങളോടു പറഞ്ഞതും ഞങ്ങൾക്ക് ആശ്വാസം നല്‌കി. എന്നെ കാണാൻ നിങ്ങൾ എത്രമാത്രം അഭിവാഞ്ഛിക്കുന്നു എന്നും, നിങ്ങൾ എത്രമാത്രം ദുഃഖിതരാണെന്നും, എന്റെ കാര്യത്തിൽ നിങ്ങൾക്ക് എത്ര തീവ്രമായ താത്പര്യമുണ്ടെന്നും തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് എനിക്ക് ഇപ്പോൾ അത്യധികമായ സന്തോഷമുണ്ട്.

2 കൊരിന്ത്യർ 7:2-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം തരുവിൻ; ഞങ്ങൾ ആരോടെങ്കിലും അന്യായം ചെയ്യുകയോ, ആരെ എങ്കിലും വഴിതെറ്റിക്കുകയോ, ആരോടും ഒന്നും വഞ്ചിച്ചെടുക്കുകയോ ചെയ്തിട്ടില്ല. കുറ്റം വിധിക്കുവാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിക്കുവാനും ഒരുമിച്ച് ജീവിക്കുവാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളിൽ എനിക്കുള്ള ആത്മവിശ്വാസം മഹത്തരം; നിങ്ങളെക്കുറിച്ച് എന്‍റെ പ്രശംസ വലിയത്. ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എന്നിൽ കവിഞ്ഞിരിക്കുന്നു. ഞങ്ങൾ മക്കെദോന്യയിൽ എത്തിയപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു, പകരം എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്ത് പോരാട്ടങ്ങൾ, അകത്ത് ഭയം. എങ്കിലും നിരാശിതരെ ആശ്വസിപ്പിക്കുന്ന ദൈവം തീത്തൊസിന്‍റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അവന്‍റെ വരവിനാൽ മാത്രമല്ല, അവനു നിങ്ങളിൽനിന്നും ലഭിച്ച ആശ്വാസത്തിനാലുംകൂടെ; നിങ്ങളുടെ വാഞ്ഛ, നിങ്ങളുടെ വിലാപം, എനിക്കായുള്ള നിങ്ങളുടെ തീക്ഷ്ണത എന്നിവ ഞങ്ങളോട് അറിയിക്കുകയും ചെയ്തതുകൊണ്ട് ഞാൻ അധികമായി സന്തോഷിച്ചു.

2 കൊരിന്ത്യർ 7:2-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല, ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു. ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.

2 കൊരിന്ത്യർ 7:2-7 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല. നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്. മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം, തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അയാളുടെ വരവുമാത്രമല്ല, നിങ്ങൾ അയാൾക്കു നൽകിയ ആശ്വാസവും ഞങ്ങളുടെ ആശ്വാസത്തിനു കാരണമായിത്തീർന്നു. എന്നെ കാണാനുള്ള നിങ്ങളുടെ അഭിവാഞ്ഛയും തീവ്രദുഃഖവും എന്നെക്കുറിച്ചുള്ള അതീവതാത്പര്യവും അയാൾ ഞങ്ങളെ അറിയിച്ചു. അങ്ങനെ എന്റെ ആനന്ദം അധികം വർധിച്ചു.