1 ശമൂവേൽ 6:5-13

1 ശമൂവേൽ 6:5-13 MALOVBSI

ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിനു തിരുമുൽക്കാഴ്ച വയ്ക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെമേൽനിന്നും നിങ്ങളുടെ ദേവന്മാരുടെമേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽനിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അദ്ഭുതം പ്രവർത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയയ്ക്കയും അവർ പോകയും ചെയ്തത്? ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിൻ; നിങ്ങൾ അവനു പ്രായശ്ചിത്തമായി കൊടുത്തയയ്ക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിനരികെ വച്ച് അതു തനിച്ചുപോകുവാൻ വിടുവിൻ. പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നെയാകുന്നു നമുക്ക് ഈ വലിയ അനർഥം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് അവന്റെ കൈയല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്ന് അറിഞ്ഞുകൊള്ളാം. അവർ അങ്ങനെ തന്നെ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വച്ചു. ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി; അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.