1 ശമൂവേൽ 30:21-26

1 ശമൂവേൽ 30:21-26 MALOVBSI

ദാവീദിനോടുകൂടെ പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്ന് അവരോടു കുശലം ചോദിച്ചു. എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു. അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ, നമ്മെ രക്ഷിക്കയും നമ്മുടെ നേരേ വന്നിരുന്ന പരിഷയെ നമ്മുടെ കൈയിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിനു പോകുന്നവന്റെ ഓഹരിയും സാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു. അന്നുമുതൽ കാര്യം അങ്ങനെതന്നെ നടപ്പായി; അവൻ അതു യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി. ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം എന്നു പറഞ്ഞു.