ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കേദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവച്ചു ചുട്ടുകളഞ്ഞിരുന്നു. അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല. ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു. അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു. യിസ്രെയേൽക്കാരത്തി അഹീനോവം, കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു. ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാറെ ദാവീദ് യഹോവയോട്: ഞാൻ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി. അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറു പേരും പുറപ്പെട്ട് ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവർ അവിടെ താമസിച്ചു. ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ഇരുനൂറു പേർ പുറകിൽ താമസിച്ചതുകൊണ്ട് ദാവീദും നാനൂറു പേരും പിന്തുടർന്നുചെന്നു. അവർ വയലിൽവച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്റെ അടുക്കൽ കൊണ്ടുചെന്നു: അവന് അപ്പം കൊടുത്തു അവൻ തിന്നു; അവനു കുടിപ്പാൻ വെള്ളവും കൊടുത്തു. അവർ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോൾ അവന് ഉയിർ വീണു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു. ദാവീദ് അവനോട്: നീ ആരുടെ ആൾ? എവിടത്തുകാരൻ എന്നു ചോദിച്ചതിന് അവൻ: ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്റെ ഭൃത്യൻ. മൂന്നു ദിവസം മുമ്പേ എനിക്കു ദീനം പിടിച്ചതുകൊണ്ട് എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. ഞങ്ങൾ ക്രേത്യരുടെ തെക്കേനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കേ ദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവച്ചു ചുട്ടുകളഞ്ഞു. ദാവീദ് അവനോട്: ആ പരിഷയുടെ അടുക്കലേക്കു നീ വഴി കാണിച്ചുതരുമോ എന്നു ചോദിച്ചതിന് അവൻ: നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കൈയിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ ആ പരിഷയുടെ അടുക്കലേക്കു വഴി കാണിച്ചുതരാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തിലെങ്ങും പരന്ന് തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദ്യാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു. ദാവീദ് അവരെ സന്ധ്യമുതൽ പിറ്റന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാർ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല. അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു. അവർ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു. ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്ക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ട്: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
1 ശമൂവേൽ 30 വായിക്കുക
കേൾക്കുക 1 ശമൂവേൽ 30
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 30:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ