1 ശമൂവേൽ 17:32-50

1 ശമൂവേൽ 17:32-50 MALOVBSI

ദാവീദ് ശൗലിനോട്: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്ന് ഈ ഫെലിസ്ത്യനോട് അങ്കം പൊരുതും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു. ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടർന്ന് അതിനെ അടിച്ച് അതിന്റെ വായിൽനിന്ന് ആട്ടിൻകുട്ടിയെ വിടുവിച്ചു, അത് എന്റെ നേരേ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു. ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും. ദാവീദ് പിന്നെയും: സിംഹത്തിന്റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു. ശൗൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു. പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവനു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോട്: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞ്, അവയെ ഊരിവച്ചു. പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പേ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: നീ വടികളുമായി എന്റെ നേരേ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ട് എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ട് ഫെലിസ്ത്യനോട് എതിർപ്പാൻ അണിക്കു നേരേ ഓടി. ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്തു കവിണയിൽവച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നുമുടിച്ചു; എന്നാൽ ദാവീദിന്റെ കൈയിൽ വാൾ ഇല്ലായിരുന്നു.