1 ശമൂവേൽ 17:1-16

1 ശമൂവേൽ 17:1-16 MALOVBSI

അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന് ഒന്നിച്ചുകൂട്ടി; അവർ യെഹൂദായ്ക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിനും അസേക്കയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്‌വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടയ്ക്ക് അണിനിരത്തി; ഫെലിസ്ത്യർ ഇപ്പുറത്ത് ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്ത് ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പേ നടന്നു. അവൻ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങൾ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു. എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ട് ശൗലിന്റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കൾ ആദ്യജാതൻ എലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തവൻ ശമ്മയും ആയിരുന്നു. ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്‍ലഹേമിൽ പോയിവരിക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.