1 ശമൂവേൽ 17:1-16
1 ശമൂവേൽ 17:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന് ഒന്നിച്ചുകൂട്ടി; അവർ യെഹൂദായ്ക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിനും അസേക്കയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്‌വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടയ്ക്ക് അണിനിരത്തി; ഫെലിസ്ത്യർ ഇപ്പുറത്ത് ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്ത് ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പേ നടന്നു. അവൻ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങൾ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു. എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ട് ശൗലിന്റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കൾ ആദ്യജാതൻ എലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തവൻ ശമ്മയും ആയിരുന്നു. ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്‍ലഹേമിൽ പോയിവരിക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.
1 ശമൂവേൽ 17:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഫെലിസ്ത്യർ യുദ്ധസന്നദ്ധരായി യെഹൂദ്യയിലെ സോഖോവിൽ സൈന്യത്തെ ഒരുമിച്ചുകൂട്ടി; സോഖോവിനും അസേക്കയ്‍ക്കും മധ്യേയുള്ള എഫെസ്-ദമ്മീമിൽ പാളയമടിച്ചു. ശൗലും ഇസ്രായേല്യരും ഒത്തുചേർന്നു ഏലാതാഴ്‌വരയിൽ പാളയമടിച്ചു; ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുന്നതിന് അവർ അണിനിരന്നു. താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ ഇസ്രായേല്യരും നിലയുറപ്പിച്ചു. ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗത്തുകാരനായ ഗോല്യാത്ത് എന്ന മല്ലൻ മുമ്പോട്ടു വന്നു; അയാൾക്ക് ആറു മുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു. അവൻ തലയിൽ താമ്രശിരസ്ത്രം ധരിച്ചിരുന്നു. അയ്യായിരം ശേക്കെൽ ഭാരമുള്ള താമ്രകവചമാണ് അയാൾ അണിഞ്ഞിരുന്നത്. കാൽച്ചട്ടയും താമ്രംകൊണ്ടുള്ളതായിരുന്നു; താമ്രംകൊണ്ടുള്ള കുന്തം തോളിൽ തൂക്കിയിട്ടിരുന്നു. അതിന്റെ തണ്ടിന് നെയ്ത്തുതറിയിലുള്ള ഉരുൾത്തടിയുടെ വണ്ണവും അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കെൽ ഭാരവുമുണ്ടായിരുന്നു. പരിചവാഹകൻ അയാളുടെ മുമ്പിൽ നടന്നു. ഇസ്രായേൽപടയുടെ നേരെ തിരിഞ്ഞ് അയാൾ അട്ടഹസിച്ചു: “നിങ്ങൾ എന്തിനു യുദ്ധത്തിന് അണിനിരക്കുന്നു? ഞാൻ ഒരു ഫെലിസ്ത്യനാണ്; നിങ്ങൾ ശൗലിന്റെ ദാസരല്ലേ? നിങ്ങൾ ഒരാളെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നെ തോല്പിച്ചു വധിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് അടിമകളായിരിക്കും; നേരേമറിച്ചു ഞാൻ അവനെ തോല്പിച്ചു വധിച്ചാൽ നിങ്ങൾ അടിമകളായി ഞങ്ങളെ സേവിക്കണം.” അയാൾ തുടർന്ന് ഇസ്രായേല്യരെ വെല്ലുവിളിച്ചു: “എന്നോടു ദ്വന്ദ്വയുദ്ധത്തിന് ഒരാളെ അയയ്‍ക്കുവിൻ.” അയാളുടെ വാക്കുകൾ കേട്ടപ്പോൾ ശൗലും എല്ലാ ഇസ്രായേല്യരും ഭയപ്പെട്ടു വിറച്ചു. യെഹൂദ്യയിലുള്ള ബേത്‍ലഹേമിലെ എഫ്രാത്യനായ യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ ഒരാളായിരുന്നു ദാവീദ്. ശൗലിന്റെ കാലത്തുതന്നെ യിശ്ശായി വൃദ്ധനായിരുന്നു. അയാളുടെ പുത്രന്മാരിൽ മൂത്തവരായ എലീയാബും അബീനാദാബും ശമ്മയും ശൗലിന്റെകൂടെ യുദ്ധസ്ഥലത്തുണ്ടായിരുന്നു. ഏറ്റവും ഇളയവനായിരുന്നു ദാവീദ്. മൂത്തവർ മൂന്നു പേരും ശൗലിന്റെ കൂടെ ആയിരുന്നു; ദാവീദ് പിതാവിന്റെ ആടുകളെ മേയ്‍ക്കുന്നതിനു ശൗലിന്റെ അടുക്കൽനിന്നു ബേത്‍ലഹേമിൽ പോയി വരിക പതിവായിരുന്നു. ഗോല്യാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഇസ്രായേല്യരെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
1 ശമൂവേൽ 17:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിനുശേഷം ഫെലിസ്ത്യർ സൈന്യത്തെ യുദ്ധത്തിനായി ഒന്നിച്ചുകൂട്ടി; അവർ യെഹൂദായിലെ സോഖോവിൽ ഒരുമിച്ചുകൂടി. അവർ സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒരുമിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യർക്ക് എതിരായി പടക്ക് അണിനിരന്നു. താഴ്വരയുടെ ഒരു വശത്തുള്ള മലയിൽ ഫെലിസ്ത്യരും മറുവശത്തുള്ള മലയിൽ യിസ്രായേല്യരും നിന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്ന് ഗഥ്യയനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും ഉയരമുള്ളവൻ ആയിരുന്നു. അവന് തലയിൽ താമ്രംകൊണ്ടുള്ള തൊപ്പി ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവന് താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ ഒരു കുന്തവും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്‍റെ തണ്ട് നെയ്ത്തുകാരൻ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലക് അറുനൂറ് ശേക്കൽ ഇരുമ്പ് ആയിരുന്നു. ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. അവൻ യിസ്രായേൽ പടയുടെ നേരെ വിളിച്ചുപറഞ്ഞത്: “നിങ്ങൾ വന്നു യുദ്ധത്തിനു അണിനിരക്കുന്നത് എന്തിന്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്‍റെ പടയാളികളും അല്ലയോ? നിങ്ങൾ ഒരുവനെ തിരഞ്ഞെടുക്കുക; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോട് യുദ്ധം ചെയ്തു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്ക് അടിമകൾ ആകാം; ഞാൻ അവനെ ജയിച്ച് കൊന്നാൽ, നിങ്ങൾ ഞങ്ങൾക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.” ഫെലിസ്ത്യൻ പിന്നെയും: “ഞാൻ ഇന്ന് യിസ്രായേൽപടകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്യുവാനായി ഒരുവനെ വിട്ടുതരുവിൻ” എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു. യെഹൂദായിലെ ബേത്ലേഹേമിൽ യിശ്ശായി എന്ന എഫ്രാത്യന്‍റെ എട്ട് മക്കളിൽ ഒരുവനായിരുന്നു ദാവീദ്; യിശ്ശായി അന്ന് വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂന്നു പേരും ശൗലിന്റെ കൂടെ യുദ്ധത്തിന് ചെന്നിരുന്നു. അവരിൽ ആദ്യത്തെ മകന്‍റെ പേര് എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മയും ആയിരുന്നു. ദാവീദ് എല്ലാവരിലും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്‍റെകൂടെ പോയിരുന്നു. ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് തന്റെ അപ്പന്റെ ആടുകളെ മേയിക്കുവാൻ ബേത്ലേഹേമിൽ പോയിവരുക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പത് ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു.
1 ശമൂവേൽ 17:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്‌വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി; ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്‌വര ഉണ്ടായിരുന്നു. അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം. ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൗലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു. എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൗലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൗലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു. ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൗലിന്റെ കൂടെ പോയിരുന്നു. ദാവിദ് ശൗലിന്റെ അടുക്കൽനിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു. ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്നു നിന്നു.
1 ശമൂവേൽ 17:1-16 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെയിരിക്കെ ഒരു ദിവസം ഫെലിസ്ത്യർ യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കി യെഹൂദ്യയിലെ സോഖോവിൽ ഒരുമിച്ചുകൂടി. സോഖോവിനും അസേക്കെയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ അവർ പാളയമിറങ്ങി. ശൗലും ഇസ്രായേല്യരും ഒരുമിച്ചുകൂടി ഏലാതാഴ്വരയിൽ പാളയമിറങ്ങി. അവർ ഫെലിസ്ത്യരെ നേരിടാനായി അണിനിരന്നു. ഫെലിസ്ത്യർ ഒരു മലഞ്ചരിവിലും ഇസ്രായേല്യർ അതിന്നിപ്പുറം മറ്റൊരു മലഞ്ചരിവിലും അണിനിരന്നു; അവരുടെ മധ്യേ ഒരു താഴ്വരയുണ്ടായിരുന്നു. അപ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നും മുമ്പോട്ടുവന്നു. അയാൾക്ക് ഒൻപതേമുക്കാൽ അടി ഉയരമുണ്ടായിരുന്നു. അയാൾ തലയിൽ വെങ്കലംകൊണ്ടുള്ള ശിരോകവചം ധരിച്ചിരുന്നു. അയ്യായിരം ശേക്കേൽ തൂക്കമുള്ള വെങ്കലക്കവചമായിരുന്നു അയാൾ ധരിച്ചിരുന്നത്. അയാൾ വെങ്കലംകൊണ്ടുള്ള കാൽച്ചട്ടയണിഞ്ഞിരുന്നു. വെങ്കലംകൊണ്ടുള്ള ഒരു വേൽ അയാളുടെ പിറകിൽ തോളിൽനിന്ന് തൂക്കിയിട്ടിരുന്നു. അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു. ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ! അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.” വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.” ആ ഫെലിസ്ത്യന്റെ വാക്കുകൾ കേട്ട് ശൗലും എല്ലാ ഇസ്രായേല്യരും ഭയന്നുവിറച്ചു. ദാവീദ് യെഹൂദ്യയിലെ ബേത്ലഹേംകാരനായ യിശ്ശായി എന്ന എഫ്രാത്യന്റെ മകനായിരുന്നു. യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. ശൗലിന്റെ കാലത്ത് അദ്ദേഹം വളരെ വൃദ്ധനായിരുന്നു. യിശ്ശായിയുടെ മൂത്ത മൂന്നുപുത്രന്മാർ യുദ്ധത്തിനു ശൗലിനോടുകൂടെയായിരുന്നു: ആദ്യജാതൻ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മാ. ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്റെകൂടെയായിരുന്നു. എന്നാൽ ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് മിക്കപ്പോഴും ബേത്ലഹേമിൽ തന്റെ പിതാവിന്റെ ആടുകളെ നോക്കാൻ പോകുമായിരുന്നു. ഫെലിസ്ത്യനായ ഗൊല്യാത്ത് നാൽപ്പതുദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് യുദ്ധത്തിനു വെല്ലുവിളിച്ചുകൊണ്ടിരുന്നു.