സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്‍വോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ പറഞ്ഞ് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്ന് വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല. ജനമൊക്കെയും ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് തന്റെ കൈവായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണുതെളിഞ്ഞു. അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്ന് യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അതിനു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ? ജനത്തിന് കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്ന് അവർ എടുത്ത് ഇന്ന് വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു. അവർ അന്ന് മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവച്ച് അറുത്ത് രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്ന് അവരോട് ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവച്ച് അറുത്തു തിന്നുകൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത് എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്ന് അവിടെവച്ച് അറുത്തു.
1 ശമൂവേൽ 14 വായിക്കുക
കേൾക്കുക 1 ശമൂവേൽ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 14:24-34
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ