1 ശമൂവേൽ 14:24-34
1 ശമൂവേൽ 14:24-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്‍വോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ പറഞ്ഞ് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്ന് വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല. ജനമൊക്കെയും ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് തന്റെ കൈവായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണുതെളിഞ്ഞു. അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്ന് യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അതിനു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ? ജനത്തിന് കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്ന് അവർ എടുത്ത് ഇന്ന് വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു. അവർ അന്ന് മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവച്ച് അറുത്ത് രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്ന് അവരോട് ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവച്ച് അറുത്തു തിന്നുകൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത് എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്ന് അവിടെവച്ച് അറുത്തു.
1 ശമൂവേൽ 14:24-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ശത്രുക്കളോടു പ്രതികാരം ചെയ്യുംവരെ, സന്ധ്യക്കുമുമ്പ് ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവനായിരിക്കും” എന്നു ശൗൽ പറഞ്ഞു; അതിൻപ്രകാരം ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്നതിനാൽ ഇസ്രായേൽ ജനം വിഷമത്തിലായി; അങ്ങനെ അവരിൽ ആരുംതന്നെ ഭക്ഷണം കഴിച്ചിരുന്നില്ല. ഇസ്രായേല്യർ ഒരു കാട്ടുപ്രദേശത്ത് എത്തിയപ്പോൾ അവിടെ നിലത്തു തേൻകട്ടകൾ കിടക്കുന്നതു കണ്ടു. കാട്ടിൽ പ്രവേശിച്ചപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതും അവർ കണ്ടു. എന്നാൽ പ്രതിജ്ഞയോർത്ത് അവരിൽ ആരും ഒരു തുള്ളി തേൻപോലും കഴിച്ചില്ല. തന്റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാൻ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേൻകട്ടയിൽ മുക്കിയെടുത്ത് തേൻ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി. അപ്പോൾ ജനത്തിൽ ഒരാൾ പറഞ്ഞു: “ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവനായിരിക്കും എന്നു നിന്റെ പിതാവ് ഞങ്ങളെക്കൊണ്ട് കർശനമായി ശപഥം ചെയ്യിച്ചിട്ടുണ്ട്;” അങ്ങനെ ജനം ക്ഷീണിച്ചിരിക്കുന്നു. യോനാഥാൻ പറഞ്ഞു: “എന്റെ പിതാവു ജനത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു; അല്പം തേൻ ഭക്ഷിച്ചപ്പോൾ ഞാൻ ഉന്മേഷവാനായതു കണ്ടില്ലേ? ശത്രുക്കളിൽനിന്നു പിടിച്ചെടുത്ത ആഹാരപദാർഥങ്ങൾ അവർ വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എത്രയധികം ഫെലിസ്ത്യരെ അവർ സംഹരിക്കുമായിരുന്നു.” ഇസ്രായേല്യർ അന്നു ഫെലിസ്ത്യരെ മിക്മാസ് മുതൽ അയ്യാലോൻവരെ പിന്തുടർന്നു സംഹരിച്ചു; ജനം അത്യധികം ക്ഷീണിച്ചിരുന്നു. അതുകൊണ്ട് അവർ പിടിച്ചെടുത്ത ആടുകളെയും കാളകളെയും കിടാക്കളെയും നിലത്തടിച്ചുകൊന്ന് രക്തത്തോടുകൂടി ഭക്ഷിച്ചു. ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സർവേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗൽ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിൻ. ഓരോരുത്തനും ചെന്ന് അവനവന്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നു ഭക്ഷിക്കാനും രക്തത്തോടുകൂടി മാംസം ഭക്ഷിച്ചു സർവേശ്വരനെതിരെ പാപം ചെയ്യാതിരിക്കാനും ജനത്തോടു പറയണം.” അന്നു രാത്രിയിൽ ജനം തങ്ങളുടെ കാളകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു.
1 ശമൂവേൽ 14:24-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്‍റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ്, ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൗല്‍ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല. സൈന്യം ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. എന്നാൽ യോനാഥാൻ തന്‍റെ അപ്പൻ ജനത്തെക്കൊണ്ട് സത്യംചെയ്യിച്ചു എന്നു അറിയാതിരുന്നതിനാൽ അവൻ തന്‍റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്‍റെ കണ്ണ് പ്രകാശിച്ചു. അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്നു പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്‍റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ? ശത്രുക്കളിൽനിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു. അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടുകൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്നു ശൗലിന് അറിവുകിട്ടി. അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. പിന്നെ ശൗല്‍: “നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്നു അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
1 ശമൂവേൽ 14:24-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സന്ധ്യക്കു മുമ്പും ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ശൗൽ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യർ അന്നു വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല. ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേൻ ഉണ്ടായിരുന്നു. ജനം കാട്ടിൽ കടന്നപ്പോൾ തേൻ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനോ തന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേൾക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു. അപ്പോൾ ജനത്തിൽ ഒരുത്തൻ: ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു പറഞ്ഞു നിന്റെ അപ്പൻ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യോനാഥാൻ: എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ? ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്നു അവർ എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്രനന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു. അവർ അന്നു മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി. ആകയാൽ ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു. ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൗലിന്നു അറിവുകിട്ടിയപ്പോൾ അവൻ: നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. പിന്നെയും ശൗൽ: നിങ്ങൾ ജനത്തിന്റെ ഇടയിൽ എല്ലാടവും ചെന്നു അവരോടു ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുതു എന്നു പറവിൻ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.
1 ശമൂവേൽ 14:24-34 സമകാലിക മലയാളവിവർത്തനം (MCV)
“ഇന്നു സന്ധ്യയ്ക്കുമുമ്പ്, ഞാനെന്റെ ശത്രുക്കളോടു പകരം വീട്ടുന്നതുവരെ ഭക്ഷണം കഴിക്കുന്നവർ ആരുതന്നെയായാലും അവർ ശപിക്കപ്പെട്ടിരിക്കും,” എന്നു പറഞ്ഞ് ശൗൽ ഇസ്രായേല്യരെക്കൊണ്ടു ശപഥംചെയ്യിച്ചിരുന്നു. തന്മൂലം അവർ അന്ന് വളരെ വിഷമത്തിലായി. ജനത്തിൽ ആരുംതന്നെ ഭക്ഷണം ആസ്വദിച്ചിരുന്നില്ല. സൈന്യമെല്ലാം ഒരു കാട്ടുപ്രദേശത്തെത്തി. അവിടെ നിലത്തു തേനുണ്ടായിരുന്നു. അവർ കാടിനുള്ളിലേക്കു കടന്നപ്പോൾ തേൻതുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നതായി അവർ കണ്ടു. എങ്കിലും അവർ ശപഥത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരുംതന്നെ തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല. യോനാഥാനാകട്ടെ, തന്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം ഒരു തേൻകട്ടയിൽ കുത്തി അൽപ്പം തേനെടുത്തു ഭുജിച്ചു. അങ്ങനെ അയാൾ കൈ വായിലേക്കു കൊണ്ടുപോയി. ഉടനെ അയാളുടെ കണ്ണുകൾ തെളിഞ്ഞു. അപ്പോൾ പടയാളികളിലൊരാൾ അദ്ദേഹത്തോട്: “ ‘ഇന്നു ഭക്ഷണം കഴിക്കുന്ന ഏതു മനുഷ്യനും ശപിക്കപ്പെട്ടവനായിരിക്കട്ടെ!’ എന്നു പറഞ്ഞ് അങ്ങയുടെ പിതാവ് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു. അതിനു യോനാഥാൻ ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ പിതാവു ദേശത്തിന് ഉപദ്രവമാണു വരുത്തിയത്. ഈ തേൻ അൽപ്പം ഞാൻ രുചിനോക്കിയതുമൂലം എന്റെ കണ്ണുകൾ തെളിഞ്ഞതു നോക്കുക. ജനങ്ങൾ അവരുടെ ശത്രുക്കളിൽനിന്ന് ഇന്ന് അപഹരിച്ചെടുത്ത കൊള്ളയിൽനിന്ന് അൽപ്പം ചിലതു ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ ഇന്നു നാം ഫെലിസ്ത്യരുടെമേൽ നടത്തിയ സംഹാരം കുറെക്കൂടി വിപുലമാകുമായിരുന്നില്ലേ?” ഇസ്രായേല്യർ അന്ന് മിക്-മാസുമുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ തകർത്തു; അപ്പോഴേക്കും ജനം വളരെയേറെ തളർന്നിരുന്നു. ആകയാൽ അവർ കൈവശപ്പെടുത്തിയിരുന്ന കൊള്ളയിൽ ചാടിവീണ് ആടുകളെയും കന്നുകാലികളെയും കാളക്കിടാങ്ങളെയും പിടിച്ച് നിലത്തുവെച്ച് അറത്ത് രക്തത്തോടുകൂടിത്തന്നെ തിന്നുതുടങ്ങി. “ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി. അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം: “ ‘നിങ്ങൾ ഓരോരുത്തനും അവരവരുടെ കാളകളെയും ആടുകളെയുംകൊണ്ട് എന്റെ അടുത്തുവരിക. അവയെ ഇവിടെവെച്ചുകൊന്ന് നിങ്ങൾ ഭക്ഷിക്കുക. രക്തത്തോടുകൂടി മാംസംതിന്ന് യഹോവയ്ക്കെതിരായി പാപംചെയ്യരുത്,’ എന്ന് ജനത്തിന്റെ അടുത്തുചെന്ന് അവരെ അറിയിക്കുക” എന്നു പറഞ്ഞു. അങ്ങനെ ഓരോരുത്തരും അവരവരുടെ കാളകളെ കൊണ്ടുവന്ന് അന്നുരാത്രി അറത്തു ഭക്ഷിച്ചു.