1 രാജാക്കന്മാർ 7:1-12

1 രാജാക്കന്മാർ 7:1-12 MALOVBSI

ശലോമോൻ തന്റെ അരമന പതിമ്മൂന്ന് ആണ്ടുകൊണ്ടു പണിത് അരമനപ്പണി മുഴുവനും തീർത്തു. അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരം വച്ചു പണിതു. ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തിയഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരേ ആയിരുന്നു. വാതിലും കട്ടിളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരേയും ആയിരുന്നു. അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായിട്ട് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് ആസകലം ദേവദാരുപ്പലകകൊണ്ട് അടിത്തട്ടിട്ടു. ഇതിന്റെ പണിപോലെ തന്നെ അവൻ മണ്ഡപത്തിനപ്പുറം മറ്റേ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു. ഇവയൊക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ട് ആയിരുന്നു. അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു. മേല്പണി തോതിനുവെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിനും ആലയത്തിന്റെ മണ്ഡപത്തിനും ഉണ്ടായിരുന്നതുപോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.