1 രാജാക്കന്മാർ 7:1-12
1 രാജാക്കന്മാർ 7:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോൻ തന്റെ അരമന പതിമ്മൂന്ന് ആണ്ടുകൊണ്ടു പണിത് അരമനപ്പണി മുഴുവനും തീർത്തു. അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരം വച്ചു പണിതു. ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തിയഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരേ ആയിരുന്നു. വാതിലും കട്ടിളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരേയും ആയിരുന്നു. അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായിട്ട് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് ആസകലം ദേവദാരുപ്പലകകൊണ്ട് അടിത്തട്ടിട്ടു. ഇതിന്റെ പണിപോലെ തന്നെ അവൻ മണ്ഡപത്തിനപ്പുറം മറ്റേ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു. ഇവയൊക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ട് ആയിരുന്നു. അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു. മേല്പണി തോതിനുവെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിനും ആലയത്തിന്റെ മണ്ഡപത്തിനും ഉണ്ടായിരുന്നതുപോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 7:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ തനിക്കുവേണ്ടി ഒരു കൊട്ടാരം നിർമ്മിച്ചു. അതിനു പതിമൂന്നു വർഷം വേണ്ടിവന്നു. ലെബാനോൻ വനഗൃഹവും അദ്ദേഹമാണു നിർമ്മിച്ചത്. അതിനു നൂറു മുഴം നീളവും അൻപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ആയിരുന്നു. അതിനു ദേവദാരു നിർമ്മിതമായ മൂന്നു നിര തൂണും തൂണുകളിന്മേൽ ഉത്തരങ്ങളും പണിതുറപ്പിച്ചു. ഓരോ നിരയിലും പതിനഞ്ചു തൂണുകൾ വീതം ആയിരുന്നു. അങ്ങനെ നാല്പത്തഞ്ചു തൂണുകളിൽ തുലാങ്ങൾ ഉറപ്പിച്ച് ദേവദാരുപ്പലകകൊണ്ട് തട്ടുണ്ടാക്കി; രണ്ടു വശത്തുമുള്ള ഓരോ ഭിത്തിയിലും മുമ്മൂന്നു ജനലുകൾ ഉണ്ടായിരുന്നു. അവ പരസ്പരം അഭിമുഖമായി ഉറപ്പിച്ചിരുന്നു. വാതിലുകൾക്കും ജനലുകൾക്കും ദീർഘ ചതുരാകൃതിയായിരുന്നു. ഇരുവശങ്ങളിലുമുള്ള ജനലുകൾ മൂന്നു നിരകളിൽ പരസ്പരം അഭിമുഖമായി ഉറപ്പിച്ചു. അൻപതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്തംഭശാലയും ഉണ്ടാക്കി. അതിന്റെ മുൻവശത്ത് സ്തംഭങ്ങളിൽ ഉറപ്പിച്ചിരുന്ന വിതാനത്തോടുകൂടിയ പൂമുഖവും പണികഴിപ്പിച്ചു. ന്യായാസനമണ്ഡപവും അദ്ദേഹം നിർമ്മിച്ചു. അതിന്റെ തറമുതൽ മുകൾവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. ന്യായാസനമണ്ഡപത്തിന്റെ പിൻഭാഗത്തു തനിക്കു പാർക്കാൻ അതേ ശില്പരചനയോടുകൂടിയ ഒരു അരമന നിർമ്മിച്ചു. ഇതേ രീതിയിൽ ഒരു ഭവനം തന്റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു. സർവേശ്വരമന്ദിരത്തിന്റെ അങ്കണംമുതൽ വലിയ അങ്കണംവരെയുള്ള ഈ കെട്ടിടങ്ങളുടെയെല്ലാം അടിത്തറമുതൽ ഉത്തരംവരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണു പണിതിരുന്നത്. അവയെല്ലാം കല്ലു വെട്ടുന്ന കുഴിയിൽ വച്ചുതന്നെ ഈർച്ചവാൾകൊണ്ട് അറുത്തൊരുക്കിയവ ആയിരുന്നു. ചെത്തി ഒരുക്കിയ വലിയ കല്ലുകൾകൊണ്ട് അടിത്തറ പണിതു. അവയിൽ എട്ടു മുഴം നീളമുള്ളവയും പത്തു മുഴം നീളമുള്ളവയും ഉണ്ടായിരുന്നു. അടിത്തറയ്‍ക്കുമീതെ ഒരേ തോതിൽ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു. പ്രധാനശാലയ്‍ക്കു ചുറ്റും ഉണ്ടായിരുന്നതുപോലെ സർവേശ്വരന്റെ ആലയത്തിനും പൂമുഖത്തിനും ചുറ്റുമായി മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയും പാകിയിരുന്നു.
1 രാജാക്കന്മാർ 7:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോൻ തന്റെ അരമന പതിമൂന്ന് വർഷംകൊണ്ടു പണിതുതീർത്തു. നൂറുമുഴം നീളത്തിലും അമ്പതു മുഴം വീതിയിലും മുപ്പതു മുഴം ഉയരത്തിലും അവൻ ലെബാനോൻ വനഗൃഹം പണിയിച്ചു. ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങി നിർത്തിയിരുന്നത് മൂന്നു നിര ദേവദാരു തൂണുകളായിരുന്നു ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. ചരിഞ്ഞ ചട്ടക്കൂടുള്ള മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു. വാതിലുകളും കട്ടളകളും ദീർഘചതുരാകൃതിയിലായിരുന്നു; കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെ ആയിരുന്നു. അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്‍റെ മുൻവശത്ത് തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായി ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് തറ മുതൽ മേൽത്തട്ടു വരെ ദേവദാരുപ്പലകകൊണ്ട് തട്ടിട്ടു. അവൻ വസിച്ചിരുന്ന അരമനയുടെ ഉള്ളിൽ ഇതിന്‍റെ പണിപോലെ തന്നെയുള്ള ഒരു ഗൃഹാങ്കണം ഉണ്ടായിരുന്നു; ശലോമോൻ വിവാഹം കഴിച്ചിരുന്ന ഫറവോന്‍റെ മകൾക്കും അവൻ ഇപ്രകാരം തന്നെ ഒരു അരമന പണിതു. ഇവ ഒക്കെയും അടിസ്ഥാനം മുതൽ മുകൾഭാഗം വരെയും പുറത്തെ വലിയ പ്രാകാരത്തിലും, അളവിനു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ല് കൊണ്ടു ആയിരുന്നു. അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു. മേൽപണി അളവിനു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. പ്രധാന മുറ്റം മൂന്നുവരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും കൊണ്ടു ചുറ്റും അടച്ചുകെട്ടിയിരുന്നു; അങ്ങനെ തന്നെ അകമുറ്റവും യഹോവയുടെ ആലയത്തിന്‍റെ പൂമുഖവും പണിതിരുന്നു.
1 രാജാക്കന്മാർ 7:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു. അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു. ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു. വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെയും ആയിരുന്നു. അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു. ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു. ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു. അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു. മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 7:1-12 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, ശലോമോൻ തന്റെ അരമനയുടെ നിർമാണത്തിനായി പതിമ്മൂന്നുവർഷം ചെലവഴിച്ചു. അദ്ദേഹം ലെബാനോൻ വനസൗധവും പണികഴിപ്പിച്ചു. അത് നൂറുമുഴം നീളവും അൻപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു. പണിതുമിനുക്കിയ ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങിനിർത്താൻ തക്കവിധത്തിൽ ദേവദാരുകൊണ്ടു നിർമിച്ച നാലുനിര തൂണുകളിന്മേലാണ് അതു പണിതുറപ്പിച്ചിരുന്നത്. ആ സൗധത്തിന് ഓരോ നിരയിലും പതിനഞ്ചുവീതം ആകെ നാൽപ്പത്തിയഞ്ചു തൂണുകളിന്മേൽ ഉറപ്പിച്ചിരുന്ന തുലാങ്ങളിൽ ദേവദാരുകൊണ്ടുതന്നെയാണ് മച്ചിട്ടത്. അതിനു മൂന്നുനിര ജനാലകൾ സ്ഥാപിച്ചിരുന്നു. മൂന്നു നിരയിലും അവ നേർക്കുനേരേ ആയിരുന്നു. അതിന്റെ വാതിലുകളും കട്ടിളകളും സമചതുരാകൃതിയിലായിരുന്നു. ജനാലകൾ മൂന്നുനിലകളായും ഒന്നോടൊന്ന് അഭിമുഖമായും സ്ഥാപിച്ചിരുന്നു. അദ്ദേഹം അൻപതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഒരു സ്തംഭനിര നിർമിച്ചു. അതിനുമുമ്പിൽ ഒരു പൂമുഖവും അതിന്റെ മുൻഭാഗത്ത് സ്തംഭങ്ങളും മീതേ വിതാനവും നിർമിച്ചു. കൂടാതെ, ഇരുന്നു ന്യായംവിധിക്കുന്നതിനായി അദ്ദേഹം സിംഹാസനമണ്ഡപവും പണിയിച്ചു. അത് തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൊണ്ട് മറച്ചു. കുറെക്കൂടെ പിന്നിലായി തനിക്കു വസിക്കുന്നതിനു പണിയിച്ച അരമനയും ഇതേ രൂപകൽപ്പനയോടുകൂടിയതായിരുന്നു. ഫറവോന്റെ പുത്രിയായ തന്റെ പത്നിക്കുവേണ്ടിയും ഇതേ ശില്പസംവിധാനങ്ങളോടുകൂടിയ മറ്റൊരു കൊട്ടാരവും ശലോമോൻ പണി കഴിപ്പിച്ചിരുന്നു. ഒരേ ആകൃതിയിലും വലുപ്പത്തിലും വെട്ടിയെടുത്ത്, അകവും പുറവും വാൾകൊണ്ട് മിനുസപ്പെടുത്തിയ വിശേഷതരം കല്ലുകൾകൊണ്ടാണ്, ബാഹ്യഭാഗംമുതൽ മുഖ്യാങ്കണംവരെയുള്ള ഈ സൗധങ്ങളെല്ലാം—അവയുടെ അടിസ്ഥാനംമുതൽ മേൽക്കൂരവരെ—പണിതീർത്തത്. അടിസ്ഥാനങ്ങൾ വിലപിടിപ്പുള്ള വലിയ കല്ലുകൾകൊണ്ടാണ് പണിയിച്ചത്; അവയിൽ ചിലതിന്റെ അളവു പത്തുമുഴവും മറ്റു ചിലതിന്റേത് എട്ടുമുഴവും ആയിരുന്നു. അടിസ്ഥാനക്കല്ലുകൾക്കുമുകളിൽ കൃത്യമായ അളവിൽ വെട്ടിയെടുത്ത വിശേഷതരം കല്ലുകളും ദേവദാരുത്തുലാങ്ങളും ഉപയോഗിച്ചു. അകത്തെ അങ്കണംപോലെതന്നെ മുഖ്യാങ്കണവും മൂന്നുവരി ചെത്തിമിനുക്കിയ കല്ലുകളും ഒരുവരി പണിതുമിനുക്കിയ ദേവദാരുത്തുലാനുംകൊണ്ട് പൂമുഖം ഉൾപ്പെടെ യഹോവയുടെ ആലയത്തിന്റെ ചുറ്റോടുചുറ്റും കെട്ടിയിരുന്നു.