THUPUAN 11:15-18
THUPUAN 11:15-18 MALCLBSI
അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോൾ സ്വർഗത്തിൽ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സർവേശ്വരന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം. അപ്പോൾ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും സർവശക്തനുമായ ദൈവമേ! അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട് വാണരുളുവാൻ തുടങ്ങിയിരിക്കുന്നതിനാൽ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. വിജാതീയർ രോഷാകുലരായി; അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു. മരിച്ചവർ വിധിക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. അന്ന് അവിടുത്തെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവർക്കും വലിയവർക്കും പ്രതിഫലം നല്‌കപ്പെടുകയും ഭൂമിയെ നശിപ്പിക്കുന്നവർ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.

