വെളിപ്പാട് 11:15-18
വെളിപ്പാട് 11:15-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്ന് സ്വർഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞത്: സർവശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ജാതികൾ കോപിച്ചു, നിന്റെ കോപവും വന്നു; മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
വെളിപ്പാട് 11:15-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോൾ സ്വർഗത്തിൽ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സർവേശ്വരന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം. അപ്പോൾ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും സർവശക്തനുമായ ദൈവമേ! അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട് വാണരുളുവാൻ തുടങ്ങിയിരിക്കുന്നതിനാൽ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. വിജാതീയർ രോഷാകുലരായി; അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു. മരിച്ചവർ വിധിക്കപ്പെടുന്നതിനുള്ള സമയം സമാഗതമായി. അന്ന് അവിടുത്തെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന ചെറിയവർക്കും വലിയവർക്കും പ്രതിഫലം നല്‌കപ്പെടുകയും ഭൂമിയെ നശിപ്പിക്കുന്നവർ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
വെളിപ്പാട് 11:15-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ഏഴാമത്തെ ദൂതൻ കാഹളം ഊതി: “ലോകരാജ്യങ്ങൾ നമ്മുടെ കർത്താവിൻ്റെയും അവന്‍റെ ക്രിസ്തുവിൻ്റെയും രാജ്യങ്ങൾ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു സ്വർഗ്ഗത്തിൽ മഹാഘോഷം ഉണ്ടായി. അപ്പോൾ ദൈവമുമ്പാകെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചുകൊണ്ട് പറഞ്ഞത്: “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവമേ, അങ്ങ് അങ്ങേയുടെ മഹാശക്തിയോടെ വാഴ്ച ആരംഭിച്ചതിനാൽ ഞങ്ങൾ അങ്ങേയ്ക്കു നന്ദി കരേറ്റുന്നു. ജനതകൾ കോപിച്ചു: എന്നാൽ അങ്ങേയുടെ ക്രോധം വന്നിരിക്കുന്നു: മരിച്ചവരെ ന്യായം വിധിപ്പാനും അങ്ങേയുടെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും അങ്ങയെ ഭയപ്പെടുന്ന ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം കൊടുക്കുവാനുള്ള സമയവും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുവാൻ ഉള്ള അങ്ങേയുടെ സമയവും വന്നിരിക്കുന്നു.“
വെളിപ്പാട് 11:15-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി. ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു: സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
വെളിപ്പാട് 11:15-18 സമകാലിക മലയാളവിവർത്തനം (MCV)
ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ, “ലോകഭരണം നമ്മുടെ കർത്താവിനും അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവിടന്ന് എന്നെന്നേക്കും ഭരിക്കും” എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി. ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്: “ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. രാജ്യങ്ങൾ ക്രുദ്ധിച്ചു; അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു. മരിച്ചവരെ ന്യായംവിധിക്കാനും; അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും അങ്ങയുടെ നാമം ആദരിക്കുന്ന വിശുദ്ധർക്കും ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”