SAM 21

21
വിജയം നല്‌കിയതിനു കൃതജ്ഞത
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, അവിടുത്തെ ശക്തിയിൽ രാജാവ് സന്തോഷിക്കുന്നു;
അവിടുന്നു നല്‌കിയ വിജയത്തിൽ അദ്ദേഹം ആഹ്ലാദിക്കുന്നു.
2അദ്ദേഹത്തിന്റെ അഭിലാഷം അവിടുന്നു നിറവേറ്റി;
അപേക്ഷ നിഷേധിച്ചതുമില്ല.
3ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ നല്‌കി,
അവിടുന്ന് അദ്ദേഹത്തെ എതിരേറ്റു;
തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചു.
4അദ്ദേഹം അവിടുത്തോടു ജീവൻ യാചിച്ചു;
അവിടുന്ന് അതു നല്‌കി.
സുദീർഘവും അനന്തവുമായ നാളുകൾ തന്നെ.
5അവിടുത്തെ സഹായത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു;
അവിടുന്നു പ്രതാപവും മഹത്ത്വവും അദ്ദേഹത്തിന്റെമേൽ ചൊരിഞ്ഞു.
6അവിടുന്ന് അദ്ദേഹത്തെ എന്നേക്കും അനുഗ്രഹപൂർണനാക്കി;
തിരുസാന്നിധ്യത്തിന്റെ സന്തോഷത്താൽ ആനന്ദിപ്പിച്ചു.
7രാജാവ് സർവേശ്വരനിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം നിർഭയനായിരിക്കും.
8അങ്ങയുടെ കരം എല്ലാ ശത്രുക്കളെയും പിടിക്കും;
അങ്ങയുടെ വലങ്കൈ അങ്ങയെ ദ്വേഷിക്കുന്നവരെ പിടിച്ചുകെട്ടും.
9സർവേശ്വരൻ പ്രത്യക്ഷപ്പെടുമ്പോൾ
അവിടുന്ന് അവരെ ജ്വലിക്കുന്ന ചൂളപോലെയാക്കും;
അവിടുത്തെ ഉഗ്രരോഷം അവരെ വിഴുങ്ങും;
അഗ്നി അവരെ ദഹിപ്പിക്കും.
10അവിടുന്ന് അവരുടെ സന്തതികളെ ഭൂമുഖത്തുനിന്നും
അവരുടെ മക്കളെ മനുഷ്യരുടെ ഇടയിൽ നിന്നും നശിപ്പിക്കും.
11അവർ അങ്ങേക്കെതിരെ ദോഷം നിരൂപിച്ചാലും
അങ്ങേക്കെതിരെ ദുഷ്ടപദ്ധതികൾ ആവിഷ്കരിച്ചാലും വിജയിക്കയില്ല.
12അവിടുന്ന് അവരെ തുരത്തും;
അവരുടെ മുഖത്തിനു നേരേ അസ്ത്രം എയ്യും.
13സർവേശ്വരാ, അങ്ങയുടെ ശക്തിയാൽ
അവിടുത്തെ മഹത്ത്വം വെളിപ്പെടുത്തണമേ;
അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 21: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു