SAM 109:1-13

SAM 109:1-13 MALCLBSI

ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു; അവിടുന്നു മൗനമായിരിക്കരുതേ. ദുഷ്ടരും വഞ്ചകരും എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അവർ എനിക്കെതിരെ നുണ ചൊരിയുന്നു. വിദ്വേഷം നിറഞ്ഞ വാക്കുകൾകൊണ്ട് അവർ എന്നെ വളയുന്നു. കാരണം കൂടാതെ എന്നെ ആക്രമിക്കുന്നു. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു. എന്നിട്ടും അവർ എനിക്കെതിരെ ദോഷം ആരോപിക്കുന്നു. നന്മയ്‍ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എനിക്കു നല്‌കുന്നു. എന്റെ ശത്രുവിനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ. അവന്റെ കുറ്റാരോപണം അവനെ വിചാരണയിൽ നിർത്തട്ടെ. വിസ്തരിക്കപ്പെടുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ. അവന്റെ പ്രാർഥന പാപമായി കണക്കാക്കപ്പെടട്ടെ. അവന്റെ ആയുസ്സ് ചുരുങ്ങിപ്പോകട്ടെ. അവന്റെ സമ്പത്ത് ആരെങ്കിലും കൈയടക്കട്ടെ. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ. അവന്റെ സന്തതികൾ യാചകരായി അലഞ്ഞുതിരിയട്ടെ. അവർ സങ്കേതമാക്കുന്ന ജീർണാവശിഷ്ടങ്ങൾക്കിടയിൽനിന്ന് അവർ തുരത്തപ്പെടട്ടെ. അവനുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ. അവന്റെ അധ്വാനഫലം അന്യർ അപഹരിക്കട്ടെ. അവനോടു കരുണ കാട്ടാൻ ആരും ഉണ്ടാകാതിരിക്കട്ടെ. അവന്റെ അനാഥരായ മക്കളോട് ആർക്കും അലിവു തോന്നാതിരിക്കട്ടെ. അവന്റെ വംശം ഇല്ലാതാകട്ടെ. അടുത്ത തലമുറപോലും അവനെ ഓർക്കാതിരിക്കട്ടെ.

SAM 109 വായിക്കുക