SAM 106:24-48

SAM 106:24-48 MALCLBSI

അവർ മനോഹരമായ ദേശം നിരസിച്ചു. അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ. അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു. സർവേശ്വരന്റെ സ്വരം ശ്രദ്ധിച്ചില്ല. അതുകൊണ്ടു മരുഭൂമിയിൽവച്ച് അവരെ നശിപ്പിക്കുമെന്നും, അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി സത്യം ചെയ്തു. അവർ പെയോരിൽ ബാൽദേവനെ ആരാധിച്ചു, മരിച്ചവർക്ക് അർപ്പിച്ച വസ്തുക്കൾ ഭക്ഷിച്ചു. ഇങ്ങനെ അവർ തങ്ങളുടെ പ്രവൃത്തികളാൽ സർവേശ്വരനെ പ്രകോപിപ്പിച്ചു. അവരുടെ ഇടയിൽ പകർച്ചവ്യാധി പടർന്നു പിടിച്ചു. അപ്പോൾ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു. അതോടെ പകർച്ചവ്യാധി ശമിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു. അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു. മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികൾമൂലം മോശയ്‍ക്കും ദോഷമുണ്ടായി. അവർ മോശയെ വല്ലാതെ കോപിപ്പിച്ചതിനാൽ, അദ്ദേഹം അവിവേകമായി സംസാരിച്ചു. സർവേശ്വരൻ കല്പിച്ചതുപോലെ, അവർ അന്യജനതകളെ നിഗ്രഹിച്ചില്ല. അവർ അവരോട് ഇടകലർന്നു, അവരുടെ ആചാരങ്ങൾ ശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ പൂജിച്ചു. അത് അവർക്കു കെണിയായിത്തീർന്നു. അവർ തങ്ങളുടെ പുത്രീപുത്രന്മാരെ വ്യാജദേവന്മാർക്കു ബലി കഴിച്ചു. അവർ നിഷ്കളങ്ക രക്തം ചൊരിഞ്ഞു, തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ. കനാന്യവിഗ്രഹങ്ങൾക്ക് അവരെ ബലി കഴിച്ചു. രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി. സ്വന്തം പ്രവൃത്തികളാൽ അവർ മലിനരായിത്തീർന്നു. അവർ തങ്ങളുടെ പ്രവൃത്തികളാൽ ദൈവത്തോട് അവിശ്വസ്തത കാണിച്ചു. സർവേശ്വരന്റെ കോപം സ്വജനത്തിനു നേരേ ജ്വലിച്ചു. അവിടുന്നു തന്റെ അവകാശമായ ജനത്തെ വെറുത്തു. അവിടുന്ന് അന്യജനതകളുടെ കൈയിൽ അവരെ ഏല്പിച്ചു. അവരുടെ വൈരികൾ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ പീഡിപ്പിച്ചു. അവർ അവർക്കു പൂർണമായി കീഴടങ്ങി. പല തവണ സർവേശ്വരൻ അവരെ വിടുവിച്ചു. എന്നിട്ടും, അവർ അവിടുത്തോടു മനഃപൂർവം മത്സരിച്ചു. തങ്ങളുടെ അകൃത്യംനിമിത്തം അവർ അധഃപതിച്ചു. എന്നിട്ടും അവരുടെ നിലവിളി കേട്ട് അവരുടെ കൊടിയ യാതന അവിടുന്നു ശ്രദ്ധിച്ചു. അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു. അവിടുത്തെ മഹാസ്നേഹത്താൽ അവരോടു മനസ്സലിഞ്ഞു. അവരെ ബദ്ധരാക്കിയവർക്കെല്ലാം അവരോടു കനിവു തോന്നാൻ അവിടുന്നിടയാക്കി. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അങ്ങയുടെ വിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കാനും, അവിടുത്തെ പ്രകീർത്തിക്കുന്നതിൽ അഭിമാനം കൊള്ളാനും, ജനതകളുടെ ഇടയിൽനിന്നു ഞങ്ങളെ മടക്കി വരുത്തണമേ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; എന്നേക്കും അവിടുന്നു പ്രകീർത്തിക്കപ്പെടട്ടെ; സർവജനങ്ങളും ആമേൻ എന്നു പറയട്ടെ. സർവേശ്വരനെ സ്തുതിക്കുവിൻ.

SAM 106 വായിക്കുക