THUFINGTE 12:13-28

THUFINGTE 12:13-28 MALCLBSI

ദുഷ്ടൻ തന്റെ വാക്കുകളാൽത്തന്നെ കെണിയിൽ അകപ്പെടുന്നു, നീതിമാൻ കഷ്ടതയിൽനിന്നു രക്ഷപെടുന്നു. ഒരുവന് തന്റെ വാക്കുകൾക്ക് അർഹമായ നന്മ ലഭിക്കുന്നു, തന്റെ അധ്വാനത്തിനു തക്ക ഫലം അവനു കിട്ടുന്നു. ഭോഷന്റെ ദൃഷ്‍ടിയിൽ തന്റെ വഴി നേരെയുള്ളതാണ്, എന്നാൽ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു. ഭോഷൻ നീരസം തൽക്ഷണം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു. സത്യം പറയുന്നവൻ നീതി വെളിപ്പെടുത്തുന്നു, എന്നാൽ കള്ളസ്സാക്ഷി വ്യാജം പ്രസ്താവിക്കുന്നു. ഒരുവന്റെ അവിവേകവാക്കുകൾ വാളെന്നപോലെ തുളച്ചു കയറാം, ജ്ഞാനിയുടെ വാക്കുകൾ മുറിവുണക്കുന്നു. സത്യസന്ധമായ വചസ്സുകൾ എന്നേക്കും നിലനില്‌ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ. ദുരുപായം നടത്തുന്നവരുടെ ഹൃദയത്തിൽ വഞ്ചനയുണ്ട്; നന്മ നിരൂപിക്കുന്നവർ സന്തോഷിക്കുന്നു. നീതിമാന് അനർഥം ഒന്നും ഉണ്ടാകയില്ല; അനർഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല. വ്യാജം പറയുന്നവരെ സർവേശ്വരൻ വെറുക്കുന്നു; സത്യം പ്രവർത്തിക്കുന്നവരിൽ അവിടുന്നു പ്രസാദിക്കുന്നു. വിവേകി അറിവ് അടക്കിവയ്‍ക്കുന്നു; ഭോഷന്മാർ വിഡ്ഢിത്തം വിളിച്ചുപറയുന്നു. അധ്വാനശീലൻ അധികാരം നടത്തും; അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും. ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു. അലസൻ ഇര തേടിപ്പിടിക്കുന്നില്ല; ഉത്സാഹശീലൻ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, എന്നാൽ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.

THUFINGTE 12 വായിക്കുക