FILIPI 2:3-16

FILIPI 2:3-16 MALCLBSI

മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവർ നിങ്ങളെക്കാൾ ശ്രേഷ്ഠരാണെന്നു വിനയപൂർവം കരുതിക്കൊള്ളണം. ഓരോരുത്തരും സ്വന്തതാത്പര്യം മാത്രമല്ല മറ്റുള്ളവരുടെ താത്പര്യംകൂടി നോക്കണം. ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ. അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും, അവിടുന്നു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല. അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട് ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു; ബാഹ്യരൂപത്തിൽ മനുഷ്യനായി കാണപ്പെടുകയും ചെയ്തു. അങ്ങനെ അവിടുന്നു തന്നെത്താൻ താഴ്ത്തി, മരണത്തോളം എന്നല്ല കുരിശിലെ മരണത്തോളംതന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതിനാൽ ദൈവം അവിടുത്തെ ഏറ്റവും സമുന്നത പദത്തിലേക്കുയർത്തി, സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്‌കി. അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച് അവിടുത്തെ സ്വർഗത്തിലും ഭൂമിയിലും അധോലോകത്തിലുമുള്ള എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി, യേശുക്രിസ്തു കർത്താവെന്ന് എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു. പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക. ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളിൽ വർത്തിക്കുന്ന ദൈവമാണല്ലോ. എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക. അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം; ലോകത്തിൽ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളിൽ എനിക്ക് അഭിമാനിക്കുവാൻ ഇടയാകും.

FILIPI 2 വായിക്കുക