MATHAIA 7:12-27

MATHAIA 7:12-27 MALCLBSI

“നിങ്ങളോടു മറ്റുള്ളവർ എങ്ങനെ വർത്തിക്കണമെന്നു നിങ്ങൾ ഇച്ഛിക്കുന്നുവോ അങ്ങനെ അവരോടു നിങ്ങളും വർത്തിക്കുക. ധർമശാസ്ത്രത്തിന്റെയും പ്രവചനങ്ങളുടെയും സാരാംശം ഇതാകുന്നു. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; വിസ്താരമുള്ള പടിവാതിലും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുന്നു. അവയിൽക്കൂടി പോകുന്നവർ അനവധിയത്രേ. ഇടുങ്ങിയ വാതിലും ദുർഘടമായ വഴിയും ജീവനിലേക്കു നയിക്കുന്നു. എന്നാൽ അതു കണ്ടെത്തുന്നവർ ചുരുക്കമാണ്. “വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ആടിന്റെ വേഷത്തിൽ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവർ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്‍ക്കളാണ്. അവരുടെ ഫലങ്ങൾകൊണ്ട് നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടിയിൽനിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ ലഭിക്കുമോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‌കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലവും ചീത്ത വൃക്ഷത്തിനു നല്ല ഫലവും നല്‌കാൻ സാധ്യമല്ല. നല്ല ഫലം നല്‌കാത്ത എല്ലാ വൃക്ഷങ്ങളും വെട്ടി തീയിലിടുന്നു. അങ്ങനെ വ്യാജപ്രവാചകന്മാരെ അവരുടെ പ്രവൃത്തികൾകൊണ്ടു നിങ്ങൾക്കു തിരിച്ചറിയാം. “കർത്താവേ, കർത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്; പ്രത്യുത, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് ‘കർത്താവേ, കർത്താവേ അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ധാരാളം അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ?’ എന്ന് ആ ദിവസം പലരും എന്നോടു ചോദിക്കും. ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാൻ അവരോടു തീർത്തുപറയും. “ബുദ്ധിമാനായ ഒരു മനുഷ്യൻ വീടു പണിതപ്പോൾ പാറമേൽ അടിസ്ഥാനമുറപ്പിച്ചു. പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു; എന്നാൽ പാറയിൽ അടിസ്ഥാനമുറപ്പിച്ചിരുന്നതുകൊണ്ട് ആ വീടു വീണുപോയില്ല. എന്റെ വാക്കുകൾ കേട്ട് അനുസരിക്കുന്നവൻ ഈ മനുഷ്യനെപ്പോലെയാണ്. എന്നാൽ ഭോഷനായ ഒരു മനുഷ്യൻ വീടു നിർമിച്ചപ്പോൾ മണലിൽ അടിസ്ഥാനമുറപ്പിച്ചു. പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു. അപ്പോൾ ആ വീടു വീണുപോയി. അതിന്റെ പതനം എത്രയും വലുതായിരുന്നു! എന്റെ വാക്കുകൾ കേട്ട് അനുസരിക്കാത്തവൻ ഈ മനുഷ്യനെപ്പോലെയാണ്.”

MATHAIA 7 വായിക്കുക